അഹമ്മദാബാദ് : ഐപിഎല്‍ പതിനാറാം പതിപ്പിലെ രണ്ടാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്, ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. വമ്പന്‍ താരനിരയുമായാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. മുംബൈക്കായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ മറുവശത്തിറങ്ങുന്നത് ശുഭ്‌മാന്‍ ഗില്‍ ആണ്.
പിന്നാലെ പേരുകേട്ട വമ്പന്‍ താരങ്ങളും രണ്ട് ടീമുകള്‍ക്കായും കളത്തിലിറങ്ങും. അതേസമയം, ഐപിഎല്ലിലെ നിര്‍ണായക മത്സരത്തിനായി ഗുജറാത്ത് മുംബൈ ടീമുകള്‍ കളത്തിലിറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവ് റാഷിദ് ഖാന്‍ എന്നിവര്‍ തമ്മിലുള്ള പോരാട്ടത്തിനും വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടി20 ക്രിക്കറ്റില്‍ അതാത് മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളാണ് ഇരുവരും.
നിലവില്‍ ബാറ്റര്‍മാരുടെ ടി20 റാങ്കിങ്ങിലെ ഒന്നാമന്‍ സൂര്യകുമാര്‍ യാദവാണ്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ റാഷിദ് ഖാനാണ് മുന്നില്‍. അതുകൊണ്ട് തന്നെ ഇരുവരും നേര്‍ക്കുനേര്‍ പോരാടിക്കാനിറങ്ങുന്ന മത്സരത്തെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
സീസണിന്‍റെ തുടക്കത്തില്‍ ബാറ്റുകൊണ്ട് മുംബൈക്ക് കാര്യമായ സംഭാവനകളൊന്നും ചെയ്യാന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നില്ല. എന്നാല്‍ പതിയെ താളം കണ്ടെത്തിയ താരം പിന്നീട് ടീമിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നിലവില്‍ സൂര്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
Also Read :IPL 2023| ഫൈനലിലെത്താന്‍ രോഹിതിനും കൂട്ടര്‍ക്കും പുതിയ 'ചരിത്രം' രചിക്കണം; കണക്കുകള്‍ മുംബൈക്ക് പ്രതികൂലം, ആശങ്കയില്‍ ആരാധകര്‍
ഒരു സെഞ്ച്വറിയുള്‍പ്പടെ 15 മത്സരങ്ങളില്‍ നിന്ന് 544 റണ്‍സാണ് സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്. വിക്കറ്റ് വേട്ടയില്‍ മുന്‍പന്തിയില്‍ തന്നെയാണ് ലോക ഒന്നാം നമ്പര്‍ ടി20 ബൗളര്‍ റാഷിദ് ഖാനും സ്ഥാനം പിടിച്ചിരിക്കുന്നത്. 15 മത്സരം കളിച്ച റാഷിദ് ഇതുവരെ 25 വിക്കറ്റ് നേടിയിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും റാഷിദ് ഗുജറാത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കുന്നുണ്ട്.
ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും കളത്തിലിറങ്ങുമ്പോഴും ഇവരുടെ പ്രകടനങ്ങളാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൂര്യ ക്ലിക്കായാല്‍ വമ്പന്‍ സ്‌കോര്‍ അനായാസം തന്നെ മുംബൈക്ക് സ്വന്തമാക്കാന്‍ സാധിക്കും. അതേസമയം, മധ്യ ഓവറുകളില്‍ സൂര്യകുമാര്‍ യാദവിനെ പൂട്ടി മുംബൈയുടെ റണ്‍ ഒഴുക്ക് തടയാനുള്ള ചുമതല റാഷിദ് ഖാനെ ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഏല്‍പ്പിക്കാനാണ് സാധ്യത.
Also Read :IPL 2023 | 'ഗുജറാത്തിനെ നിസാരക്കാരായി കാണരുത്, രോഹിതിനും ഇഷാന്‍ കിഷനും ഷമി വെല്ലുവിളിയാകും': ആകാശ് ചോപ്ര
ഇരുവരും മുഖാമുഖം വരുന്നത് കാണാന്‍ മുന്‍ താരം സഞ്‌ജയ് മഞ്ജരേക്കറും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പോരാട്ടം മത്സരത്തിന്‍റെ ഫലത്തെ നിര്‍ണയിക്കാന്‍ സാധ്യതയില്ലെങ്കിലും, അത് ആവേശം നിറഞ്ഞതായിരിക്കുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഐപിഎല്‍ രണ്ടാം ക്വാളിഫയറിന് മുന്നോടിയായി ഇഎസ്‌പിഎന്‍ ക്രിക്‌ഇൻഫോയിലൂടെയായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പ്രതികരണം.