ധരംശാല:രാജസ്ഥാനോട് തോറ്റതോടെ പ്ലേഓഫ് പ്രതീക്ഷകളും അവസാനിച്ചാണ് പഞ്ചാബ് കിങ്‌സ് ഐപിഎല്‍ പതിനാറാം പതിപ്പില്‍ നിന്നും പുറത്തായത്. ധരംശാലയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് 187 റണ്‍സാണ് നേടിയത്.
ജീവന്‍ മരണപ്പോരാട്ടത്തിനിറങ്ങിയ പഞ്ചാബിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല മത്സരത്തില്‍ ലഭിച്ചത്. ടീമിന്‍റെ മുന്‍നിര അതിവേഗം തന്നെ പവലിയനിലേക്ക് മടങ്ങിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്‌ടമായത്.
പിന്നാലെ വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്‌സ്റ്റണിലായിരുന്നു പഞ്ചാബിന്‍റെ പ്രതീക്ഷകള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 94 റണ്‍സടിച്ച ലിവിങ്‌സ്റ്റണ്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരെ പുറത്തെടുത്ത മികവ് ലിവിങ്‌സ്റ്റണിന് രാജസ്ഥാനെതിരെ ആവര്‍ത്തിക്കാനായിരുന്നില്ല.
മത്സരത്തില്‍ 13 പന്ത് നേരിട്ട താരത്തിന് 9 റണ്‍സ് മാത്രമാണ് നേടാനായത്. പഞ്ചാബ് സ്‌കോര്‍ 50-ല്‍ നില്‍ക്കെ 7-ാം ഓവറില്‍ നവദീപ് സൈനിയുടെ പന്തില്‍ ലിവിങ്‌സ്റ്റണ്‍ ബൗള്‍ഡാകുകയായിരുന്നു. പുറത്താകലിന് മുന്‍പ് സൈനിയുടെ പന്തില്‍ പഞ്ചാബ് ബാറ്റര്‍ ഒരു സ്‌കൂപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചിരുന്നു.
Also Read :IPL 2023 | ജോസേട്ടന് ഇത് 'കഷ്‌ടകാലം', പഞ്ചാബിനെതിരെയും ഡക്ക്; നാണക്കേടിന്‍റെ റെക്കോഡ് ഇനി ജോസ് ബട്‌ലറുടെ പേരില്‍
എന്നാല്‍ ഇത് കൃത്യമായി കണക്‌ട് ചെയ്യിക്കാന്‍ ലിവിങ്‌സ്റ്റണിനായിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു താരത്തിന്‍റെ പുറത്താകല്‍. സൈനിയുടെ പന്തില്‍ ബൗള്‍ഡായ ലിവിങ്‌സ്റ്റണ്‍ ചിരിച്ചുകൊണ്ടായിരുന്നു മൈതാനം വിട്ടത്.
പഞ്ചാബ് താരത്തിന്‍റെ ഈ പെരുമാറ്റത്തില്‍ ലൈവ് കമന്‍ററിക്കിടെ യൂസഫ് പത്താനും ഹര്‍ഭജന്‍ സിങും തങ്ങളുടെ അതൃപ്‌തി വ്യക്തമാക്കിയിരുന്നു. താന്‍ ആണ് പഞ്ചാബ് കിങ്‌സ് ടീമിന്‍റെ കോച്ച് അല്ലെങ്കില്‍ മെന്‍റര്‍ എങ്കില്‍, പുറത്തായ ശേഷം ചിരിച്ചുകൊണ്ട് മടങ്ങുന്ന ലിവിങ്‌സ്റ്റണെ പിന്നീട് കളിപ്പിക്കില്ല എന്നായിരുന്നു യൂസഫ് പത്താന്‍റെ പ്രതികരണം. സാധാരണ രീതിയില്‍ ഒരു താരവും തന്‍റെ സ്വന്തം പുറത്താകലിലോ അല്ലെങ്കില്‍ സഹതാരത്തിന്‍റെ വിക്കറ്റ് നഷ്‌ടമാകുമ്പോഴോ ഇങ്ങനെ ചിരിക്കാറില്ല.
അങ്ങനെ ഒരാള്‍ ചെയ്യുകയാണെങ്കില്‍ അയാള്‍ ഒരുപാട് അസ്വസ്ഥനാണ് എന്നതിന്‍റെ തെളിവാണ് അതെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു. പത്താന്‍റെ അഭിപ്രായങ്ങളോട് കമന്‍ററി ബോക്‌സിലുണ്ടായിരുന്ന ഹര്‍ഭജന്‍ സിങും യോജിച്ചു.
ലിവിങ്‌സ്റ്റണിന്‍റെ പുറത്താകലിന് പിന്നാലെ ക്രീസിലൊന്നിച്ച ജിതേഷ് ശര്‍മ്മയും സാം കറനും ചേര്‍ന്നാണ് പിന്നീട് പഞ്ചാബിന്‍റെ സ്‌കോര്‍ ഉയര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 64 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ജിതേഷ് ശര്‍മ്മ 44 റണ്‍സായിരുന്നു നേടിയത്.
ജിതേഷ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഷാരൂഖ് ഖാനും പഞ്ചാബിനായി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. 23 പന്ത് നേരിട്ട താരം 41 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തില്‍ പഞ്ചാബിന്‍റെ ടോപ് സ്‌കോററായ സാം കറന്‍ പുറത്താകാതെ 49 റണ്‍സും നേടിയിരുന്നു.
Also Read :IPL 2023| 'ജയിച്ചാല്‍ പ്ലേഓഫ്, തോറ്റാല്‍ കണക്ക്കൂട്ടി കാത്തിരിക്കണം'; ഇന്ന് 'തലയും പിള്ളേരും' ഡല്‍ഹിക്കെതിരെ