ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 16-ാം സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ വഴങ്ങിയത്. മുംബൈക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ് എന്നിവരായിരുന്നു ഡല്‍ഹിയെ തകര്‍ത്തത്.
പിയൂഷ് ചൗള നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയും ബെഹ്‌റൻഡോർഫ് മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങിയുമായിരുന്നു മൂന്ന് വീതം വിക്കറ്റുകള്‍ നേടിയത്. അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേലും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമായിരുന്നു ഡല്‍ഹി ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.
ഇതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിനെ വിമര്‍ശിക്കുന്നതിന്‍റെ ഭാഗമായി പിയൂഷ് ചൗളയെ ഒരു സംസ്ഥാനത്തിനായി പോലും കളിക്കാത്ത താരമെന്ന് വിശേഷിപ്പിച്ച ഒരു ട്വിറ്റര്‍ ഉപയോക്താവിന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.
വമ്പന്‍ ക്രിക്കറ്റ് തലച്ചോറുകള്‍ ഡഗൗട്ടില്‍ ഇരിക്കുമ്പോഴും, ഒരു സംസ്ഥാനത്തിന് വേണ്ടിപ്പോലും കളിക്കാത്ത ഒരു ലെഗ്ഗിക്ക് (ലെഗ് ബ്രേക്ക് ബോളര്‍) എതിരെ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍ക്ക് ഒരു ധാരണയുമില്ല എന്നായിരുന്നു മകരന്ദ് എന്ന ഒരാള്‍ ട്വീറ്റ് ചെയ്‌തത്. സ്‌പോര്‍ട്‌സ് ജേണലിറ്റാണെന്നും ക്രിക്കറ്റില്‍ പിഎച്ച്‌ഡി ഉണ്ടെന്നുമാണ് ഇയാളുടെ ബയോയിലുള്ളത്.