ഹൈദരാബാദ്:രണ്ട് സെഞ്ച്വറികളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ പിറന്നത്. ആതിഥേയരായ ഹൈദരാബാദിന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെൻറിച്ച് ക്ലാസനും (104) ആര്‍സിബിക്കായി വിരാട് കോലിയുമാണ് (100) സെഞ്ച്വറി നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു മത്സരത്തിലെ രണ്ട് ടീമുകളുടെയും താരങ്ങള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യത്തെ മത്സരമായിരുന്നു ഇത്.
നേരത്തെ ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് പ്രാവശ്യം ഒരു മത്സരത്തില്‍ രണ്ട് സെഞ്ച്വറികള്‍ പിറന്നിരുന്നു. എന്നാല്‍ ഇത് രണ്ടും നേടിയത് ഒരേ ടീമിലെ താരങ്ങളായിരുന്നു. 2016 ല്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് ആദ്യമായി ഒരു മത്സരത്തില്‍ സെഞ്ച്വറിയടിച്ചത്.
ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു അന്ന് ആര്‍സിബി താരങ്ങളായ ഇരുവരും സെഞ്ച്വറിയടിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായിരുന്ന ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ എന്നിവരാണ് അതിന് ശേഷം ഒരു മത്സരത്തില്‍ സെഞ്ച്വറിയടിച്ച മറ്റ് താരങ്ങള്‍. 2019ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയായിരുന്നു ഇരുവരും സെഞ്ച്വറി നേടിയത്.
Also Read :IPL 2023 |'അവിടെയും ഇവിടെയും അടി'; ബോളര്‍മാരെ 'തല്ലിച്ചതച്ച്' കിടിലം റെക്കോഡിട്ട് കോലിയും ഡുപ്ലെസിസും
ഹൈദരാബാദ് ബാംഗ്ലൂര്‍ മത്സരത്തിലെ രണ്ട് സെഞ്ച്വറികളോടെ ഈ സീസണില്‍ പിറന്ന സെഞ്ച്വറികളുടെ എണ്ണം 7 ആയി. ഹാരി ബ്രൂക്ക് ആയിരുന്നു സീസണിലെ ആദ്യ ശതകം നേടിയത്. പിന്നാലെ വെങ്കിടേഷ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍ എന്നിവരും സെഞ്ച്വറിയടിച്ചെടുത്തു.
ആര്‍സിബിക്കെതിരായ മത്സരത്തില്‍ നാലാമനായി ആയിരുന്നു ഹെൻറിച്ച് ക്ലാസന്‍ ക്രീസിലേക്കെത്തിയത്. വന്നപാടെ അടിതുടങ്ങിയ താരം 51 പന്തില്‍ 104 റണ്‍സെടുത്താണ് മടങ്ങിയത്. 6 സിക്‌സും 8 ഫോറും അടങ്ങിയതായിരുന്നു ക്ലാസന്‍റെ കന്നി ഐപിഎല്‍ സെഞ്ച്വറി ഇന്നിങ്‌സ്.
ക്ലാസന്‍റെ സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 5 വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സിനാണ് തങ്ങളുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 187 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി വിരാട് കോലിയും തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. ആദ്യ ഓവറിലെ ആദ്യത്തെ രണ്ട് പന്തില്‍ ഭുവനേശ്വര്‍ കുമാറിനെ ബൗണ്ടറി പായിച്ചാണ് കോലി റണ്‍വേട്ട തുടങ്ങിയത്.
പവര്‍പ്ലേയില്‍ അതിവേഗം റണ്‍സടിച്ച കോലി നേരിട്ട 35-ാം പന്തിലായിരുന്നു അര്‍ധസെഞ്ച്വറിയിലേക്കെത്തിയത്. 50 കടന്നതോടെ കോലി ഇന്നിങ്‌സിന്‍റെ വേഗവും കൂട്ടി. 62 പന്തില്‍ നിന്നായിരുന്നു താരം സെഞ്ച്വറിയിലേക്കെത്തിയത്.
ഭുവനേശ്വര്‍ കുമാറിനെ സിക്‌സര്‍ പായിച്ച് സെഞ്ച്വറിയിലേക്കെത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ കോലി പുറത്താകുകയായിരുന്നു. ഐപിഎല്‍ കരിയറില്‍ താരത്തിന്‍റെ ആറാമത്തെയും ടി20 ക്രിക്കറ്റില്‍ ഏഴാമത്തെയും സെഞ്ച്വറിയായിരുന്നുവിത്. മത്സരത്തില്‍ സെഞ്ച്വറിയടിച്ച കോലി അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ നായകന്‍ ഫാഫ് ഡുപ്ലെസിസിനൊപ്പം ഒന്നാം വിക്കറ്റില്‍ 172 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഇരുവരുടെയും ബാറ്റിങ്ങ് കരുത്തില്‍ 8 വിക്കറ്റ് ശേഷിക്കെ ഹൈദരാബാദിനെതിരെ ആര്‍സിബി നിര്‍ണായക ജയം പിടിക്കുകയായിരുന്നു.
Also Read :IPL 2023| 'യൂണിവേഴ്‌സല്‍ ബോസിനൊപ്പം ഇനി കിങ് കോലിയും'; സെഞ്ച്വറിയോടെ തകര്‍പ്പന്‍ റെക്കോഡ് പട്ടികയില്‍ മുന്നിലെത്തി വിരാട് കോലി