മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 14 പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇറങ്ങിയ മുംബൈ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സെടുക്കാനാണ് സാധിച്ചത്.
മറുപടിക്കിറങ്ങിയ മുംബൈ 17.4 ഓവറില്‍ 186 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഇഷാന്‍ കിഷന്‍റെ അര്‍ധ സെഞ്ചുറിയാണ് ടീമിന് മികച്ച വിജയം ഒരുക്കിയത്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ് എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. മറുപടിക്കിറങ്ങിയ മുംബൈക്കായി ഇംപാക്‌ട് പ്ലെയറായി രോഹിത് ശര്‍മ ഇഷാന്‍ കിഷനൊപ്പം ഓപ്പണിങ്ങിനെത്തിയത് ആരാധകരെ ആവേശത്തിലാക്കി.
ഇരുവരും ചേര്‍ന്ന് മിന്നും തുടക്കമായിരുന്നു ടീമിന് നല്‍കിയത്. എന്നാല്‍ അഞ്ചാം ഓവറിന്‍റെ അഞ്ചാം പന്തില്‍ രോഹിത്തിനെ (13 പന്തില്‍ 20) മടക്കിയ സുയാഷ് ശര്‍മ കൊല്‍ക്കത്തയ്‌ക്ക് ആശ്വാസം നല്‍കി. ആദ്യ വിക്കറ്റില്‍ 65 റണ്‍സാണ് രോഹിത്-ഇഷാന്‍ സഖ്യം നേടിയത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിനെ കാഴ്‌ചക്കാരനാക്കി ഇഷാന്‍ കത്തിക്കയറിതോടെ മുംബൈ സ്‌കോര്‍ കുതിച്ചു.
പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 72 റണ്‍സാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. ഏഴാം ഓവറില്‍ 21 പന്തുകളില്‍ നിന്നും ഇഷാന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഇഷാനെ വീഴ്‌ത്തിയ വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കി. 25 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 58 റണ്‍സാണ് താരം നേടിയത്.
ഇതിനിടെ താളം കണ്ടെത്തിയ സൂര്യയ്‌ക്കൊപ്പം ചേര്‍ന്ന തിലക് വര്‍മ്മ മുംബൈയെ ട്രാക്കിലാക്കി. 25 പന്തില്‍ 30 റണ്‍സ് നേടിയ തിലകിനെ പുറത്താക്കി സുയാഷ് ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഈ സമയം 13.5 ഓവറില്‍ 147 റണ്‍സായിരുന്നു മുംബൈ ടോട്ടലില്ക ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ ടിം ഡേവിഡ് തുടക്കം തന്നെ അടിതുടങ്ങിയതോടെ 15ാം ഓവറില്‍ തന്നെ മുംബൈ 160 കടന്നു.
തുടര്‍ന്ന് 17ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് സൂര്യ (25 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 43) പുറത്താവുന്നത്. ശാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. ഏഴാമന്‍ നെഹാൽ വധേരക്ക് (4 പന്തില്‍ 6) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം (1 പന്തില്‍ 1*) ഡേവിഡ് (13 പന്തില്‍ 24) മുംബൈയെ വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു.
കൊല്‍ക്കത്തയ്‌ക്കായി സുയാഷ് ശര്‍മ നാല് ഓവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് നേടി. ശാര്‍ദുല്‍ താക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ലോക്കി ഫെര്‍ഗുസന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.