മുംബൈ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് അടിച്ച് കൂട്ടിയത്. അപരാജിത സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് മുംബൈയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്.
49 പന്തിൽ 103* റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. സൂര്യയ്‌ക്ക് മികച്ച പിന്തുണ നല്‍കിയ മലയാളി താരം വിഷ്ണു വിനോദിന്‍റെ പ്രകടനവും ശ്രദ്ധേയമായി. മികച്ച തുടക്കമായിരുന്നു മുംബൈക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 61 റണ്‍സായിരുന്നു മുംബൈ ടോട്ടലില്‍ ചേര്‍ത്തത്.
എന്നാല്‍ തൊട്ടടുത്ത ഓവറില്‍ രോഹിത്തിനേയും ഇഷാനേയും മടക്കിയ റാഷിദ് ഖാന്‍ മുംബൈക്ക് ഇരട്ട പ്രഹരം നല്‍കി. 18 പന്തില്‍ 29 റണ്‍സ് നേടിയ രോഹിത്തിനെ രാഹുല്‍ തെവാട്ടിയ പിടികൂടുകയായിരുന്നു. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു ഇഷാന്‍റെ (20 പന്തില്‍ 31) മടക്കം. പിന്നാലെ നെഹാൽ വധേരയും മടങ്ങുമ്പോള്‍ ഒമ്പത് ഓവറില്‍ 88 റണ്‍സായിരുന്നു മുംബൈക്ക് നേടാന്‍ കഴിഞ്ഞത്.
തുടര്‍ന്നെത്തിയ മലയാളി താരം വിഷ്‌ണു വിനോദിനൊപ്പം ചേര്‍ന്ന സൂര്യകുമാര്‍ യാദവ് മുംബൈയെ 11-ാം ഓവറില്‍ 100 കടത്തി. സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ വിഷ്‌ണു വേഗം തന്നെ താളം കണ്ടെത്തി സൂര്യയ്‌ക്ക് ഒത്ത പങ്കാളിയായതോടെ 15-ാം ഓവറില്‍ മുംബൈ 150 റണ്‍സും പിന്നിട്ടു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ വിഷ്‌ണുവിനെ വീഴ്‌ത്തിയ മോഹിത് ശര്‍മ ഗുജറാത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി.