ചെന്നൈ :ഹോം ഗ്രൗണ്ടായ ചെപ്പോക്കിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ തന്നെ ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 12 റണ്‍സിന്‍റെ ആവേശ ജയമാണ് ധോണിയും സംഘവും നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗ 205 റണ്‍സാണ് നേടിയത്.
വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലഖ്‌നൗവിന് മത്സരത്തില്‍ മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ചെന്നൈ പേസര്‍മാരെ കൈല്‍ മേയേഴ്‌സ് അടിച്ചുപറത്തി. നാല് വിക്കറ്റ് നേടിയ ഓഫ് സ്‌പിന്നര്‍ മൊയീന്‍ അലിയുടെ പ്രകടനമായിരുന്നു ചെന്നൈ വിജയത്തില്‍ നിര്‍ണായകമായത്.
ഇംപാക്‌ട് പ്ലെയറായി ടീമിലേക്കെത്തിയ തുഷാര്‍ ദേശ്‌പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്‌ത്തി. എന്നാല്‍ നാലോവറില്‍ ദേശ്‌പാണ്ഡെ 45 റണ്‍സ് വഴങ്ങിയിരുന്നു. ചെന്നൈയുടെ മറ്റ് പേസര്‍മാര്‍ക്കും മത്സരത്തില്‍ തിളങ്ങാനായില്ല.
ടീമിലെ പ്രധാന ബോളറായ ദീപക് ചഹാറിന്‍റെ നാല് ഓവറില്‍ ലഖ്‌നൗ ബാറ്റര്‍മാര്‍ 55 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബെന്‍ സ്റ്റോക്‌സ് ഒരോവറില്‍ 18 റണ്‍സ് വഴങ്ങിയപ്പോള്‍ രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍ രണ്ടോവറില്‍ 24 റണ്‍സും വിട്ടുകൊടുത്തു. കൂടാതെ 13 വൈഡുകളും 3 നോബോളുകളും ചെന്നൈ ബോളര്‍മാര്‍ മത്സരത്തില്‍ എറിഞ്ഞിരുന്നു.
Also Read:IPL 2023 | വരുന്നു അടിക്കുന്നു...ചറപറ പറപ്പിക്കുന്നു; ഐപിഎല്ലില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കി എംഎസ് ധോണി
എക്‌സ്ട്രാസായി ഇത്രയധികം റണ്‍സ് വിട്ട് കൊടുത്തതിന് പിന്നാലെ, മത്സരശേഷം ടീമിലെ ബോളര്‍മാര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കി നായകന്‍ എംഎസ് ധോണി തന്നെ രംഗത്തെത്തി. ബോളര്‍മാര്‍ വൈഡും നോബോളും എറിയുന്നത് കുറയ്‌ക്കണമെന്നും, അതുണ്ടായില്ലെങ്കില്‍ പുതിയ നായകന് കീഴില്‍ അവര്‍ക്ക് കളിക്കേണ്ടി വന്നേക്കാമെന്നും ധോണി പറഞ്ഞു.
'നോ ബോളുകളും വൈഡുകളും എറിയുന്നത് അവര്‍ കുറയ്‌ക്കണം. ഇപ്പോള്‍ അധികമായി ഞങ്ങള്‍ ബോള്‍ ചെയ്യുന്നുണ്ട്. അത് കുറച്ചുകൊണ്ട് വരണം. അതുണ്ടായില്ലെങ്കില്‍ അവര്‍ പുതിയ ക്യാപ്‌റ്റന് കീഴില്‍ കളിക്കേണ്ടി വരും' - ധോണി വ്യക്തമാക്കി. ടീമിന്‍റെ പേസ് ബോളിങ് ഡിപ്പാര്‍ട്ട്മെന്‍റ് കുറച്ചുകൂടി മെച്ചപ്പെടണമെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബോളര്‍മാര്‍ പന്തെറിയണമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
Also Read:IPL 2023 | ലഖ്‌നൗവിനെ കറക്കി വീഴ്‌ത്തി മൊയീന്‍ അലി ; ചെപ്പോക്കിലെ സൂപ്പര്‍ പോരില്‍ ജയം പിടിച്ച് ചെന്നൈ
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈയെ അര്‍ധ സെഞ്ചുറി നേടിയ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ (57) പ്രകടനവും കോണ്‍വെ (47) റായിഡു (27) ശിവം ദുബെ (27) എന്നിവരുടെ ബാറ്റിങ്ങുമാണ് മികച്ച സ്‌കോറിലെത്തിച്ചത്. ലഖ്‌നൗവിന് വേണ്ടി സ്റ്റാര്‍ പേസര്‍ മാര്‍ക്ക് വുഡ്, സ്‌പിന്നര്‍ രവി ബിഷ്‌ണോയി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി.