ചെന്നൈ :വാനോളം പ്രതീക്ഷകളുമായാണ് പല യുവതാരങ്ങളും ഐപിഎല്‍ കളിക്കാനെത്തുന്നത്. ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനൊപ്പം അവരില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കാനും ഐപിഎല്‍ അവര്‍ക്ക് അവസരമൊരുക്കുന്നുണ്ട്. എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നീ പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനിടെ സ്വന്തം ടീമിലെ താരങ്ങള്‍ക്ക് മാത്രമല്ല, എതിര്‍ ടീമിലെ കളിക്കാര്‍ക്കും വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത് ഇപ്പോള്‍ പതിവ് കാഴ്‌ചയാണ്.
പലപ്പോഴും ഒന്നും രണ്ടും താരങ്ങളാകും ഇവരുടെയെല്ലാമടുത്തേക്ക് എത്തുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു കാഴ്‌ചയ്ക്കായിരുന്നു ഇന്നലെ ചെപ്പോക്കിലെ എം ചിദംബരം സ്റ്റേഡിയം സാക്ഷിയായത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് മത്സരശേഷമായിരുന്നു ഈ കാഴ്‌ച.
ചെന്നൈ നായകന്‍ എംഎസ് ധോണിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനെത്തിയതാകട്ടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ 10 താരങ്ങള്‍. പേസര്‍ ഉമ്രാന്‍ മാലിക് ഉള്‍പ്പടെയുള്ള ഹൈദരാബാദ് താരങ്ങള്‍ ശ്രദ്ധയോടെ ധോണിയുടെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു.
സണ്‍റൈസേഴ്‌സ് ഫിനിഷറായി ക്രീസിലെത്താറുള്ള അബ്‌ദുല്‍ സമദുമായും ധോണി ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഹൈദരാബാദ് താരങ്ങള്‍ക്ക് ധോണി ക്ലാസ് എടുക്കുന്ന ദൃശ്യങ്ങള്‍ തെളിഞ്ഞതിന് പിന്നാലെ തന്നെ അതില്‍ പ്രതികരണവുമായി കമന്‍റേറ്റര്‍ ഇയാന്‍ ബിഷപ്പ് രംഗത്തെത്തി.
'അത് കാണൂ, എത്ര മനോഹരമായ ഒരു ദൃശ്യമാണ് അത്. യുവ ശിഷ്യന്മാര്‍ക്ക് ഗുരു ഉപദേശങ്ങള്‍ നല്‍കുന്ന കാഴ്‌ച. ഗുരുവിന്‍റെ ഓരോ വാക്കുകളും അവര്‍ കാത് കൂര്‍പ്പിച്ചുതന്നെ കേള്‍ക്കുന്നു'- ഇതായിരുന്നു കമന്‍ററി ബോക്‌സിലുണ്ടായിരുന്ന ഇയാന്‍ ബിഷപ്പിന്‍റെ വാക്കുകള്‍. വീഡിയോ ട്വിറ്ററിലൂടെയും ബിഷപ്പ് ഷെയര്‍ ചെയ്‌തിരുന്നു.