ഹൈദരാബാദ്: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. മുംബൈയുടെ അഞ്ച് തവണ ചാമ്പ്യന്മാരായപ്പോള്‍ നാല് കിരീടങ്ങളാണ് ചെന്നൈയുടെ പട്ടികയില്‍ ഉള്ളത്. എന്നാല്‍ 16ാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഇരു ടീമുകളും തോല്‍വി വഴങ്ങിയിരുന്നു.
ചെന്നൈ ഗുജറാത്ത് ടൈറ്റന്‍സിനോടും മുംബൈ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടുമായിരുന്നു കീഴടങ്ങിയത്. ഇതിന് പിന്നാലെ ഇരുടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള ട്രോളലുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇക്കൂട്ടത്തില്‍ മുംബൈ ഇന്ത്യൻസ് മുന്‍ പേസർ മിച്ചൽ മക്ലെനാഗനും ചെന്നൈയുടെ മുന്‍ ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസും തമ്മില്‍ കൊണ്ടും കൊടുത്തുമുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
16ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ബാംഗ്ലൂരിനോട് തോല്‍വി വഴങ്ങിയപ്പോള്‍ വളരെ പോസിറ്റീവായ ഒരു കുറിപ്പായിരുന്നു മിച്ചൽ മക്ലെനാഗന്‍ ട്വിറ്ററില്‍ പങ്കിട്ടത്. ആദ്യ മത്സരത്തില്‍ വിജയിച്ച ഒരു സീസണിലും മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയിട്ടില്ലന്നായിരുന്നു താരം കുറിച്ചത്.
"പോസിറ്റീവ് നോട്ട്. ആദ്യ മത്സരം ജയിച്ചതിന് ശേഷം മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. മൊത്തത്തില്‍, രണ്ടാമത്തെ പോസിറ്റീവ്.. ടൂര്‍ണമെന്‍റ് ഹോം-എവേ ഫോര്‍മാറ്റിലേക്ക് തിരികെയത്തിയത് വളരെ നല്ല കാര്യമാണ്. ഐപിഎല്‍ ഈസ് ബാക്ക്" മക്ലെനാഗന്‍ ട്വിറ്ററില്‍ കുറിച്ചു.
ആദ്യ മത്സരം വിജയിക്കാതിരുന്നപ്പോള്‍ പോയിന്‍റ് ടേബിളില്‍ അവസാനക്കാരായും മുംബൈ ഫിനിഷ് ചെയ്‌തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെന്നൈയുടെ മുന്‍ താരം സ്കോട്ട് സ്റ്റൈറിസ് മക്ലെനാഗന്‍റെ ട്വീറ്റിന് മറുപടി നല്‍കി. എന്നാല്‍ ചെന്നൈയുടെ മുന്‍ താരത്തിന്‍റെ വായടപ്പിക്കുന്ന മറ്റൊരു ഓര്‍മ്മപ്പെടുത്തലായാണ് മക്ലെനാഗന്‍റെ മറുപടി എത്തിയത്.
ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ രണ്ട് സന്ദര്‍ഭങ്ങളില്‍ ചെന്നൈയെ തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയതെന്നും, ചെന്നൈ പൂനെയുടെ വേഷം ധരിച്ചെത്തിയപ്പോഴും മുംബൈ അവരെ തോല്‍പ്പിച്ചിരുന്നു എന്നുമായിരുന്നു താരം കുറിച്ചത്. എന്തായാലും ഇരുവരും തമ്മിലുള്ള രസകരമായ ഈ പോര് ചിരിയോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ഐപിഎല്ലിലെ ആദ്യമത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി ആയിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് വഴങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സാണ് നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
ഓപ്പണര്‍ റിതുരാജ് ഗെയ്‌ഗ്‌വദിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയായിരുന്നു ചെന്നൈ ഇന്നിങ്‌സിന്‍റെ നെടുന്തൂണ്‍. 50 പന്തില്‍ 92 റണ്‍സായിരുന്നു റിതുരാജ് നേടിയത്. താരത്തിന്‍റെ ഈ പ്രകടനത്തിന് ശുഭ്‌മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ചുറിയിലൂടെയായിരുന്നു ഗുജറാത്ത് തിരിച്ചടി നല്‍കിയത്.
മുംബൈ ആവട്ടെ ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിനായിരുന്നു കീഴടങ്ങിയത്. മുംബൈ നേടിയ 171 റണ്‍സ് പിന്തുടർന്നിറങ്ങിയ ബാംഗ്ലൂര്‍ 16.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍മാരായ വിരാട് കോലി (49 പന്തിൽ 82*), ഫാഫ് ഡുപ്ലെസിസ് (43 പന്തില്‍ 73) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂരിന് തുണയായത്.
നേരത്തെ അപരാജിത അര്‍ധ സെഞ്ചുറിയുമായി പൊരുതിയ തിലക് വര്‍മയുടെ പ്രകടനമായിരുന്നു മുംബൈയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 46 പന്തില്‍ 84* റണ്‍സാണ് തിലക് നേടിയത്.
ALSO READ:IPL 2023 | ക്യാപ്റ്റാ... ഒരു ഓവര്‍ ഞാനെറിഞ്ഞോട്ടെ..?; സഞ്‌ജുവിനോട് ബട്‌ലറുടെ ചോദ്യം; മറുപടിയിങ്ങനെ- വീഡിയോ കാണാം