മുംബൈ:2023 ഐപിഎല്‍ സീസണിലേക്കുള്ള മിനി താരലേലം നാളെ കൊച്ചിയില്‍ നടക്കും. ആകെ 405 താരങ്ങളാണ് ലേലപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ 273 ഇന്ത്യന്‍ താരങ്ങളും, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് നാല് പേരുള്‍പ്പടെ 132 വിദേശകളിക്കാരുമാണുള്ളത്.
30 വിദേശ താരങ്ങൾക്ക് ഉൾപ്പെടെ പരമാവധി 87 താരങ്ങൾക്കാണ് ഐപിഎല്ലിൽ അവസരം ലഭിക്കുക. ലേലത്തിലുള്ളവരില്‍ 119 പേർ കാപ്പ്‌ഡ് താരങ്ങളും 282 പേർ അണ്‍ക്യാപ്പ്‌ഡ് താരങ്ങളുമാണ്. ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്‌സ്, ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീൻ തുടങ്ങിയ വമ്പൻ താരങ്ങളും ഇത്തവണ ലേലത്തിനെത്തുന്നുണ്ട്.
നിലവിൽ ഏറ്റവുമധികം തുക കൈവശമുള്ളത് സണ്‍ണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ്. കഴിഞ്ഞ സീസണില്‍ കളിച്ച പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയ സണ്‍റൈസേഴ്‌സിന്‍റെ പക്കൽ 42.25 കോടി രൂപയാണുള്ളത്. 7.2 കോടി രൂപ മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ലേലത്തിൽ ഏറ്റവും കുറവ് പണം ചെലവഴിക്കാനാകുന്ന ടീം. പഞ്ചാബ് കിങ്‌സ് (32.20 കോടി,) ചെന്നൈ സൂപ്പർ കിങ്സ് (20.45 കോടി), ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (23.35 കോടി), മുംബൈ ഇന്ത്യൻസ് (20.55 കോടി), ഡൽഹി കാപിറ്റൽസ് (19.45 കോടി), നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് (19.25 കോടി) എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികളുടെ കൈവശമുള്ള തുകകൾ.