ചെന്നൈ: ഈ മാസം 18ന് നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തില്‍ അണിനിരക്കുക 1097 താരങ്ങള്‍. താരലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാനുള്ള അവസാന ദിവസമായ ഇന്നലെ മാത്രം 21 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 207 അന്താരാഷ്‌ട്ര താരങ്ങള്‍ അപേക്ഷ നല്‍കി. ഏറ്റവും അധികം എൻട്രികള്‍ ലഭിച്ചിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. വിന്‍ഡീസില്‍ നിന്നും 56ഉം ഓസ്‌ട്രേലിയയില്‍ നിന്നും 42ഉം ദക്ഷിണാഫ്രിക്കയില്‍ നിന്നും 38ഉം എൻട്രികളാണ് ലഭിച്ചത്.
ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടില്ലാത്ത 863 പേരാണ് ഇത്തവണ മിനി താരലേലത്തിന്‍റെ ഭാഗമാകുക. ഇതില്‍ 743 പേര്‍ ഇന്ത്യക്കാരും 68 പേര്‍ പുറത്ത് നിന്നുള്ളവരുമാണ്. മിനി താരലേലത്തിന്‍റെ ഭാഗമാകുന്ന അണ്‍കാപ്പ്ഡ് ഇന്ത്യക്കാരില്‍ 50 പേര്‍ ഒരു തവണയെങ്കിലും ഐപിഎല്ലില്‍ കളിച്ചവരാണ്.
കൂടുതല്‍ വായനക്ക്:ഐപിഎല്‍ മിനി താരലേലം ഫെബ്രുവരി 18ന്; ചെന്നൈ വേദിയാകും
താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കാന്‍ സാധ്യതയുള്ളത് കിങ്സ് ഇലവന്‍ പഞ്ചാബാണ്. പഞ്ചാബിന് പരമാവധി 53.20 കോടി രൂപ ലേലത്തില്‍ ചെലവഴിക്കാം. രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 35.90 കോടിയും മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന് 34.85 കോടിയും നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന് 22.90 കോടിയും അഞ്ചാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് 15.35 കോടിയും ആറാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് 15.35 കോടിയും ഏഴും എട്ടും സ്ഥാനങ്ങളിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 10.75 കോടി വീതവും ചെലവഴിക്കാം.
കൊവിഡിനെ തുടര്‍ന്ന് ഐപിഎല്‍ 13ാം പതിപ്പ് യുഎഇയില്‍ വെച്ചാണ് നടന്നത്. എന്നാല്‍ ഇത്തവണ 14-ാം പതിപ്പ് ഇന്ത്യയില്‍ വെച്ച് നടത്താനുള്ള ഒരുക്കത്തിലാണ് സംഘാടകരായ ബിസിസിഐ.