മുംബൈ : ഐപിഎല്ലില്‍ വാങ്കഡെയിലെ പെരുന്നാള്‍ തല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ പഞ്ചാബ് കിങ്‌സിന് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സെടുക്കാനാണ് സാധിച്ചത്. ക്യാപ്റ്റന്‍ സാം കറനും ഹർപ്രീത് സിങ് ഭാട്ടിയയുമായിരുന്നു പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
29 പന്തില്‍ അഞ്ച് ഫോറുകളും നാല് സിക്‌സും സഹിതം 55 റണ്‍സാണ് കറന്‍ അടിച്ച് കൂട്ടിയത്. 28 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സുകളുമായി 41റണ്‍സായിരുന്നു ഹർപ്രീത് സിങ്ങിന്‍റെ സമ്പാദ്യം. എന്നാല്‍ അടിക്ക് തിരിച്ചടിയെന്ന രീതിയില്‍ മറുപടി നല്‍കിയ മുംബൈയെ പിടിച്ച് കെട്ടിയത് പഞ്ചാബിന്‍റെ മാർക്വീ പേസർ അർഷ്‌ദീപ് സിങ്ങിന്‍റെ മികവാണ്. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കിയ ഇടങ്കയ്യന്‍ പേസര്‍ നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
മുംബൈയുടെ വെടിക്കെട്ട് താരങ്ങളായ ഇഷാന്‍ കിഷന്‍ (1), സൂര്യകുമാര്‍ യാദവ് (57), തിലക് വര്‍മ (3), നേഹല്‍ വധേര (0) എന്നിവരെയാണ് അര്‍ഷ്‌ദീപ് സിങ് തിരികെ കയറ്റിയത്. തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞ സൂര്യകുമാര്‍ യാദവിന്‍റെ പുറത്താവലോടെയാണ് പഞ്ചാബ് മത്സരത്തിലേക്ക് തിരികെ എത്തിയത് എന്നുതന്നെ പറയാം. ഒടുവില്‍ മത്സരത്തിന്‍റെ 20-ാം ഓവറില്‍ മുംബൈയുടെ വിജയ ലക്ഷ്യം 16 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ക്യാപ്റ്റന്‍ സാം കറന്‍ പന്തേല്‍പ്പിച്ചതും അര്‍ഷ്‌ദീപിനെയായിരുന്നു.
വമ്പനടിക്കാരായ തിലക് വര്‍മയും ടിം ഡേവിഡും ക്രീസില്‍ നില്‍ക്കെ മുംബൈ ആരാധകര്‍ വിജയ പ്രതീക്ഷ കൈവിട്ടിരുന്നില്ല. പക്ഷേ അര്‍ഷ്‌ദീപിന്‍റെ അഴിഞ്ഞാട്ടമായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്. ആദ്യ പന്ത് നേരിട്ട ടിം ഡേവിഡ് സിംഗിളെടുത്ത് തിലക് വര്‍മയ്‌ക്ക് സ്‌ട്രൈക്ക് നല്‍കി.