മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളം നിറഞ്ഞാടുകയായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈക്കായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ 32-കാരന്‍ അപരാജിത സെഞ്ചുറിയുമായാണ് തിളങ്ങിയത്. 49 പന്തില്‍ 11 ഫോറുകളും ആറ് സിക്‌സും സഹിതം 103 റണ്‍സാണ് സൂര്യകുമാര്‍ അടിച്ച് കൂട്ടിയത്.
ഇന്നിങ്‌സിന്‍റെ അവസാന പന്തില്‍ സിക്‌സറിച്ചുകൊണ്ടായിരുന്നു മുംബൈയുടെ സ്റ്റാര്‍ ബാറ്റര്‍ ഐപിഎല്ലിലെ തന്‍റെ കന്നി സെഞ്ചുറി തികച്ചത്. സൂര്യയുടെ ഈ മിന്നും പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ സുരേഷ് റെയ്‌ന.
ബോളര്‍മാരുടെ മനഃശാസ്‌ത്രം അടിസ്ഥാനമാക്കിയാണ് സൂര്യകുമാര്‍ യാദവ് കളിക്കുന്നതെന്നാണ് സുരേഷ് റെയ്‌ന ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത്. ഏറെ ശാന്തനായാണ് 32-കാരൻ ഗുജറാത്തിനെതിരെ ബാറ്റ് ചെയ്‌തതെന്നും സുരേഷ് റെയ്‌ന പറഞ്ഞു.
"അവൻ ബൗളറുടെ മനഃശാസ്ത്രം അനുസരിച്ചാണ് കളിക്കുന്നത്. മൈതാനത്തിന്‍റെ നാല് ഭാഗത്തേക്കും പന്തടിക്കുന്ന സൂര്യയുടെ കളി ശൈലി ഇതു തെളിയിക്കുന്നതാണ്. ഗുജറാത്തിനെതിരെ ഏറെ ശാന്തനായാണ് അവന്‍ ബാറ്റ് ചെയ്‌തത്. അവന്‍റെ സമീപനം മികച്ചതായിരുന്നു.
അവന്‍റെ ഉദ്ദേശവും നല്ലതായിരുന്നു, അതിന്‍റെ ഫലവും നമുക്ക് കാണാന്‍ കഴിയും. മൈതാനത്തിന്‍റെ നാലു ഭാഗത്തും പന്തടിച്ചുകൊണ്ടാണ് അവന്‍ 49 പന്തിൽ 103 റൺസ് നേടിയത്. തന്‍റെ സിഗ്‌നേച്ചര്‍ സെലിബ്രേഷനോടെയാണ് സൂര്യകുമാര്‍ യാദവ് ഇന്നിങ്സ് അവസാനിപ്പിച്ചത്", സുരേഷ് റെയ്‌ന പറഞ്ഞു.