കേരളം

kerala

ETV Bharat / sports

IPL 2023 | 'തോറ്റ് തുടങ്ങിയവര്‍, തിരിച്ചെത്തിയവര്‍' ; ഹാട്രിക് ജയം തേടി ഹൈദരാബാദും മുംബൈയും, ഉപ്പലില്‍ തുല്യരുടെ പോരാട്ടം - ഐപിഎല്‍

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ അവസാനത്തെ രണ്ട് കളികളിലും ജയം നേടിയിരുന്നു.

ipl match today  srh vs mi  srh vs mi preview  IPL 2023  IPL  മുംബൈ ഇന്ത്യന്‍സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎല്‍  ഹൈദരാബാദ് മുംബൈ
IPL

By

Published : Apr 18, 2023, 12:23 PM IST

ഹൈദരാബാദ് : ഐപിഎല്‍ 16-ാം പതിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങും. ഉപ്പല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. കളിച്ച ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇരു ടീമുകള്‍ക്കും തുടര്‍ച്ചയായി രണ്ട് ജയം സ്വന്തമാക്കി ശക്തമായി ടൂര്‍ണമെന്‍റിലേക്ക് തിരിച്ചെത്താനായിരുന്നു.

ഫോം തുടരാന്‍ സൂര്യ, ഹൈദരാബാദിനെ തകര്‍ക്കാന്‍ മുംബൈ :പോരായ്‌മകളേറെയുണ്ടെങ്കിലും പതിയെ താളം കണ്ടെത്തുന്ന മുംബൈ ഇന്ത്യന്‍സിന്‍റെ പ്രകടനത്തെ ആരാധകര്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്തിയത് നിലവില്‍ ടീമിന് ആശ്വാസമാണ്. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിലും ടീം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.

തിലക് വര്‍മയും മികച്ച പ്രകടനമാണ് മുംബൈക്കായി നടത്തുന്നത്. കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ് എന്നിവരുടെ പ്രകടനവും ഇന്ന് നിര്‍ണായകമാകും. കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരം ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഇന്നും അവസരം ലഭിക്കും.

നിലവില്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നം സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പരിക്കാണ്. ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തിന് പിന്നാലെ കൈമുട്ടിന് പരിക്കേറ്റ താരം പിന്നീട് മുംബൈക്കായി ഒരു മത്സരത്തിലും കളിക്കാനിറങ്ങിയിരുന്നില്ല. പൂര്‍ണ ഫിറ്റല്ലെങ്കില്‍ ആര്‍ച്ചറെ വച്ചൊരു പരീക്ഷണത്തിനൊരുങ്ങാന്‍ മുംബൈ ഇന്ത്യന്‍സ് മുതിര്‍ന്നേക്കില്ല.

മികവ് കാട്ടാന്‍ ഹൈദരാബാദ് :ബാറ്റിങ് യൂണിറ്റിന്‍റെ മോശം പ്രകടനമായിരുന്നു ആദ്യ മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടികള്‍ സമ്മാനിച്ചത്. മൂന്നാം മത്സരത്തില്‍ രാഹുല്‍ ത്രിപാഠിയുടെയും അവസാന മത്സരത്തില്‍ ഹാരി ബ്രൂക്ക്, ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം എന്നിവരുടെയും ബാറ്റിങ്ങായിരുന്നു ആതിഥേയര്‍ക്ക് ജയം സമ്മാനിച്ചത്. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുമ്പോഴും ഇവരിലാണ് ടീമിന്‍റെ പ്രതീക്ഷകള്‍.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ താളം കണ്ടെത്തിയാല്‍ അവര്‍ക്ക് കരുത്ത് കൂട്ടാം. മധ്യനിരയില്‍ അഭിഷേക് ശര്‍മയുടെ പ്രകടനങ്ങള്‍ നായകന് ആശ്വാസം പകരുന്നതാണ്. ആദില്‍ റഷീദിന് പകരക്കാരനായി ടീമിലെത്തിയ മായങ്ക് മാര്‍ക്കണ്ഡെ മികച്ച രീതിയില്‍ പന്തെറിയുന്നതും സണ്‍റൈസേഴ്‌സിന് നിലവില്‍ ആശ്വാസമാണ്.

ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ അണിനിരക്കുന്ന ബോളിങ് നിര ശക്തമാണ്. ഉമ്രാന്‍ മാലിക് തല്ല് വാങ്ങിക്കൂട്ടുന്നത് ടീമിന് തലവേദനയാണ്.

ഒരടി മുന്നില്‍ മുംബൈ :ഐപിഎല്‍ ചരിത്രത്തിലെ ഏറ്റുമുട്ടലുകളില്‍ ഏറെക്കുറെ തുല്യശക്തികളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും. 19 മത്സരങ്ങളിലാണ് ഇരു ടീമുകളും മുന്‍പ് തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 10 ജയം മുംബൈ സ്വന്തമാക്കിയപ്പോള്‍ 9 എണ്ണത്തില്‍ ഹൈദരാബാദിന് ജയിക്കാനായി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌ക്വാഡ് :മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, രാഹുല്‍ ത്രിപാഠി, എയ്‌ഡന്‍ മാര്‍ക്രം (ക്യാപ്റ്റൻ), അഭിഷേക് ശര്‍മ, ഹെൻറിച്ച് ക്ലാസന്‍, അബ്‌ദുല്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, സമര്‍ഥ് വ്യാസ്, അന്‍മോല്‍പ്രീത് സിങ്, മാര്‍കോ ജാന്‍സെന്‍, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫാറൂഖി, അകെയ്ല്‍ ഹുസൈന്‍, ആദില്‍ റഷീദ്, ടി നടരാജന്‍, ഉമ്രാന്‍ മാലിക്, മായങ്ക് ദാഗർ, കാര്‍ത്തിക് ത്യാഗി, മായങ്ക് മര്‍കണ്ഡെ, നിതീഷ് കുമാര്‍ റെഡ്ഡി, ഉപേന്ദ്ര സിങ് യാദവ്, സന്‍വീര്‍ സിങ്, വിവ്രാന്ത് ശര്‍മ,

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ് : ഇഷാൻ കിഷൻ, രോഹിത് ശർമ (ക്യാപ്‌റ്റന്‍), സൂര്യകുമാർ യാദവ്, തിലക് വർമ, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ഡെവാൾഡ് ബ്രെവിസ്, വിഷ്‌ണു വിനോദ്, രമൺ ദീപ് സിസങ്‌, നേഹൽ വാധേര, ഡുവാൻ ജാൻസെൻ, ജോഫ്ര ആർച്ചർ, ജേസൺ ബെഹ്‌റൻഡോർഫ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, റിലീ മെര്‍ഡിത്ത്, ഷംസ് മുലാനി, ആകാശ് മധ്വാൾ, അർജുൻ ടെണ്ടുൽക്കർ, അർഷാദ് ഖാൻ, സന്ദീപ് വാര്യര്‍, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, രാഘവ് ഗോയൽ, കുമാർ കാർത്തികേയ.

ABOUT THE AUTHOR

...view details