ഹൈദരാബാദ് :ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. ഒന്‍പതാം സ്ഥാനക്കാരയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി ഏഴരയ്‌ക്ക് ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം ആദ്യ ജയം കണ്ടെത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്. മറുവശത്ത് ഹൈദരാബാദ് അവസാന രണ്ട് മത്സരങ്ങളിലും തോറ്റു. വിജയവഴിയില്‍ തിരിച്ചെത്താന്‍ ഹൈദരാബാദും ജയം തുടരാന്‍ ഡല്‍ഹിയും കൊമ്പുകോര്‍ക്കുമ്പോള്‍ മത്സരം ആവേശകരമാകുമെന്നുറപ്പ്.
നിറം മങ്ങിയ ബാറ്റര്‍മാര്‍ :ബാറ്റര്‍മാരുടെ മങ്ങിയ പ്രകടനമാണ് സീസണില്‍ ഡല്‍ഹിക്ക് തിരിച്ചടി. ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഡേവിഡ് വാര്‍ണര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരൊഴികെ മറ്റാര്‍ക്കും ഇതുവരെ നൂറ് റണ്‍സ് പോലും തികയ്‌ക്കാനായിട്ടില്ല. ടോപ് ഓര്‍ഡറില്‍ പ്രിഥ്വി ഷാ താളം കണ്ടെത്താത്തത് ടീമിന്‍റെ പ്രകടനങ്ങളെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
ഇതുവരെയുള്ള ആറ് മത്സരങ്ങളില്‍ നിന്ന് 47 റണ്‍സാണ് പ്രിഥ്വി ഷായുടെ സമ്പാദ്യം. മികച്ച പ്ലെയിങ് ഇലവന്‍ കണ്ടെത്താനും ഡേവിഡ് വാര്‍ണറിനും സംഘത്തിനും സാധിച്ചിട്ടില്ല. ഇതുവരെ 12 മാറ്റങ്ങളാണ് അവര്‍ ടീമില്‍ വരുത്തിയിരിക്കുന്നത്. ഇന്ന് ഹൈദരാബാദിനെ നേരിടാനിറങ്ങുമ്പോള്‍ നായകന്‍ ഡേവിഡ് വാര്‍ണറിലാണ് ടീമിന്‍റെ പ്രതീക്ഷ.
Also Read: 164 അര്‍ധസെഞ്ച്വറികളില്‍ മറക്കാന്‍ കഴിയാത്ത ഇന്നിങ്സ് ഏതെന്ന് ചോദ്യം ; വിസ്‌മയിപ്പിക്കുന്ന ഉത്തരവുമായി സച്ചിന്‍
അതിന് കാരണം, രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ വാര്‍ണറിന്‍റെ റെക്കോഡാണ്. ഇവിടെ കളിച്ച 31 ഇന്നിങ്‌സില്‍ 15 ഫിഫ്‌റ്റി ഉള്‍പ്പടെ 1602 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തിട്ടുള്ളത്.
സ്ഥിരത പുലര്‍ത്താതെ മുന്‍നിര :മുന്‍നിര സ്ഥിരതയുള്ള പ്രകടനം കാഴ്‌ചവയ്ക്കാത്തതാണ് ഹൈദരാബാദിന് തിരിച്ചടി. കൊല്‍ക്കത്തയ്‌ക്കെതിരെ സെഞ്ച്വറിയടിച്ച ഹാരി ബ്രൂക്ക് പിന്നീട് മികവിലേക്ക് ഉയര്‍ന്നിട്ടില്ല. നായകന്‍ എയ്‌ഡന്‍ മാര്‍ക്രമിന്‍റെയും രാഹുല്‍ ത്രിപാഠിയുടെയും കാര്യവും ഏറെക്കുറെ സമാനം.
ഹൈദരാബാദിന്‍റെ ഓപ്പണിങ് സ്ലോട്ടും ഇതുവരെ ക്ലിക്കായിട്ടില്ല. ആറ് മത്സരങ്ങളില്‍ നാല് കോമ്പിനേഷനുകള്‍ അവര്‍ പരീക്ഷിച്ചു. ഒന്നും പച്ചപിടിച്ചില്ല. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനും കാര്യമായ സംഭാവനകള്‍ ടീമിനായി നല്‍കാനായിട്ടില്ല.
ചരിത്രത്തില്‍ മുന്‍തൂക്കം ഓറഞ്ച് പടയ്‌ക്ക് :ഐപിഎല്‍ ചരിത്രത്തില്‍ 21 മത്സരങ്ങളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലേറ്റുമുട്ടിയത്. അതില്‍ 11 എണ്ണത്തില്‍ ഹൈദരാബാദിനൊപ്പമായിരുന്നു ജയം. ഡല്‍ഹി 9 വിജയം സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരത്തിന് ഫലമുണ്ടായില്ല.
Also Read:IPL 2023| 'പച്ച പിടിക്കാതെ' വിരാട് കോലി; ഗോള്‍ഡന്‍ ഡക്കാകുന്നത് ഏഴാം തവണ, നാണക്കേടിന്‍റെ റെക്കോഡ് പട്ടികയില്‍ രണ്ടാമന്‍
പിച്ച് റിപ്പോര്‍ട്ട് :ബാറ്റ് ചെയ്യാൻ അനുയോജ്യമാണ് ഹൈദരാബാദിലെ പിച്ച്. 181 ആണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഇവിടെ നടന്ന അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയം പിടിച്ചത് ആദ്യം ബാറ്റ് ചെയ്‌ത ടീമായിരുന്നു. കണക്ക് ഇങ്ങനെയാണെങ്കിലും ടോസ് നേടുന്നവര്‍ രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത.