ബെംഗളൂരു : ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
സീസണിലെ ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച് എട്ട് പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് സഞ്‌ജുവും സംഘവും. മൂന്ന് ജയമുള്ള ബാംഗ്ലൂര്‍ ആറാമതുമാണ് പോയിന്‍റ് പട്ടികയില്‍. വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍സും ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ ചിന്നസ്വാമിയില്‍ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
തലവേദനയായി പടിക്കലിന്‍റെയും പരാഗിന്‍റെയും ഫോം :ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍റെ വരവ്. മധ്യനിരയില്‍ ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ് എന്നിവരുടെ മങ്ങിയ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്‍ ബാറ്റിങ് നിര കരുത്തുറ്റതാണ്. നിലവില്‍ ഇവരുടെ പ്രകടനം ടീമിന്‍റെ സ്‌കോറിങ്ങിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍, യശ്വസി ജെയ്‌സ്വാള്‍ ഫിനിഷറായി ക്രീസിലേക്കെത്തുന്ന ഷിംറോണ്‍ ഹെറ്റ്മെയര്‍ എന്നിവര്‍ മിന്നും ഫോമിലാണ്. നായകന്‍ സഞ്‌ജു സാംസണിന്‍റെ ബാറ്റിങ്ങും ആരാധകര്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവരണിനിരക്കുന്ന പേസാക്രമണവും മികച്ചതാണ്. വിരാട് കോലിക്കെതിരെ മികച്ച റെക്കോഡുള്ള സന്ദീപ് ശര്‍മ ഇന്നും മുന്‍ വര്‍ഷങ്ങളിലെ പ്രകടനം ആര്‍സിബി സ്റ്റാര്‍ ബാറ്റര്‍ക്കെതിരെ പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് റോയല്‍സ് ആരാധകര്‍. ചിന്നസ്വാമിയില്‍ മികവ് തെളിയിച്ചിട്ടുള്ള യുസ്‌വേന്ദ്ര ചഹാലും ഒപ്പം ആര്‍ അശ്വിനും സ്‌പിന്നര്‍മാരായെത്തുമ്പോള്‍ ടീമിന് ആശങ്കപ്പെടേണ്ട കാര്യമില്ല.