ജയ്‌പുര്‍:ഐപിഎല്ലില്‍ വീണ്ടും കൊമ്പുകോര്‍ക്കാന്‍ ധോണിയും സഞ്‌ജുവും. രാത്രി ഏഴരയ്‌ക്ക് ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം. ജയക്കുതിപ്പ് തുടരാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് എത്തുമ്പോള്‍ തോല്‍വികളില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്.
ജയിക്കാന്‍ സഞ്‌ജുവും സംഘവും:സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയെ വീഴ്‌ത്തിയ ആത്മവിശ്വാസമുണ്ടെങ്കിലും ഇന്ന് ഇറങ്ങുമ്പോള്‍ അവസാന രണ്ട് മത്സരങ്ങളിലേറ്റ തോല്‍വി രാജസ്ഥാന് സമ്മാനിക്കുന്ന ആശങ്ക തെല്ലും ചെറുതല്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കെതിരെ ജയിച്ചെന്നുറപ്പിച്ച മത്സരങ്ങള്‍ കൈവിട്ടതോടെ രാജസ്ഥാന് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്‌ടമായിരുന്നു. ഇന്ന് ചെന്നൈയെ വീഴ്‌ത്തി നഷ്‌ടപ്പെട്ട ഒന്നാം സ്ഥാനം തിരികെപ്പിടിക്കാനാകും സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ശ്രമം.
ബാറ്റിങ്ങിലും ബോളിങ്ങിലും കാര്യമായ വെല്ലുവിളികളില്ലെങ്കിലും ഇംപാക്‌ട് പ്ലെയറെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയാത്തതാണ് റോയല്‍സിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ജേസണ്‍ ഹോള്‍ഡറെ ഉപയോഗിക്കാനും ടീം തയ്യാറായിട്ടില്ല. വമ്പന്‍ അടിക്ക് കഴിവുള്ള ഹോള്‍ഡര്‍ രണ്ട് പന്ത് മാത്രമാണ് ഇതുവരെ റോയല്‍സിനായി ബാറ്റ് ചെയ്‌തത്.
ജോസ് ബട്‌ലര്‍, യശ്വസി ജെയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍ എന്നിവരിലാണ് ടീമിന്‍റെ ബാറ്റിങ്ങ് പ്രതീക്ഷ. ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന റിയാന്‍ പരാഗ് ഇന്നും പുറത്തിരിക്കാനാണ് സാധ്യത. പകരം ധ്രുവ് ജുറല്‍ ഇന്നും അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്തിയേക്കും. റോയല്‍സ് ബോളിങ് യൂണിറ്റിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
കണക്ക് തീര്‍ക്കാന്‍ തലയും പിള്ളേരും:മിന്നും ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാന മൂന്ന് മത്സരങ്ങളിലും എംഎസ് ധോണിയും സംഘവും ജയം പിടിച്ചു. ബാറ്റര്‍മാരാണ് ടീമിന്‍റെ കരുത്ത്.