മൊഹാലി:ഐപിഎല്‍ പതിനാറാം പതിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങും. മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്‌സാണ് ഫാഫ് ഡുപ്ലെസിസിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ വൈകുന്നേരം 3.30നാണ് മത്സരം.
അഞ്ച് കളിയില്‍ മൂന്ന് ജയം നേടി ആറ് പോയിന്‍റുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ന് അവര്‍ ഇറങ്ങുന്നത്. മറുവശത്ത് ജയത്തോടെ തുടങ്ങാനായെങ്കിലും പിന്നീടേറ്റ തുടര്‍ തോല്‍വികള്‍ ആര്‍സിബിക്ക് തിരിച്ചടിയായി.
അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച അവര്‍ നാല് പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സീസണിലെ രണ്ടാം എവേ മത്സരത്തിനിറങ്ങുന്നത്.
നായകന്‍റെ വരവ് കാത്ത് പഞ്ചാബ്: ഷോള്‍ഡറിന് പരിക്കേറ്റ നായകന്‍ ശിഖര്‍ ധവാന്‍ ഇല്ലാതെയിറങ്ങിയാണ് അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ജയം സ്വന്തമാക്കിയത്. ടീമിന്‍റെ ടോപ് സ്‌കോറര്‍ കൂടിയായ ശിഖര്‍ ധവാന്‍റെ അഭാവം ഈ മത്സരത്തില്‍ നന്നേ പ്രകടമായിരുന്നു. ഇന്ന് ആര്‍സിബിക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ നായകന്‍ മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സിക്കന്ദര്‍ റാസ, ഹര്‍പ്രീത് സിങ്, മാറ്റ് ഷോര്‍ട്, ഷാരൂഖ് ഖാന്‍ എന്നിവര്‍ താളം കണ്ടെത്തിയത് നിലവില്‍ ടീമിന് ആശ്വസം. സാം കറന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇനിയും മികവിലേക്ക് ഉയരേണ്ടതുണ്ട്. അര്‍ഷ്‌ദീപ് സിങ്, കാഗിസോ റബാഡ എന്നിവര്‍ അണിനിരക്കുന്ന പേസ് ബോളിങ് നിര ആര്‍സിബി ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്.