കേരളം

kerala

ETV Bharat / sports

IPL 2023 | 'കുതിക്കുന്ന മുംബൈയും, കിതയ്‌ക്കുന്ന പഞ്ചാബും'; നാലാം ജയം തേടി രോഹിത്തും സംഘവും ഇന്ന് വാങ്കഡെയില്‍ - രോഹിത് ശര്‍മ്മ

ഹാട്രിക് ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടാന്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തില്‍ ഇറങ്ങുന്നത്

ipl match today  IPL 2023  mi vs pbks  IPL  mumbai indians  punjab kings  മുംബൈ ഇന്ത്യന്‍സ്  ഐപിഎല്‍  മുംബൈ പഞ്ചാബ്  രോഹിത് ശര്‍മ്മ  ഐപിഎല്‍ ഇന്ന്
IPL

By

Published : Apr 22, 2023, 12:13 PM IST

മുംബൈ : ഐപിഎല്‍ പതിനാറാം പതിപ്പില്‍ ജയക്കുതിപ്പ് തുടരാന്‍ മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് രോഹിത്തും സംഘവും നേരിടുക. രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്.

ലീഗില്‍ മൂന്ന് ജയം സ്വന്തമായുള്ള ഇരുടീമിനും നിലവില്‍ ആറ് പോയിന്‍റ് വീതമാണുള്ളത്. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് ആറാമതും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ് നിലവില്‍. ഇന്ന് ജയിച്ച് പോയിന്‍റ് പട്ടികയില്‍ മുന്നിലേക്ക് കുതിക്കാനാകും ഇരു ടീമിന്‍റെയും ശ്രമം.

കുതിക്കാന്‍ മുംബൈ :ഇന്ന് പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ നാലാം ജയമാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ലക്ഷ്യം. തുടക്കം പാളിപ്പോയെങ്കിലും ഹാട്രിക് ജയം നേടി ടൂര്‍ണമെന്‍റിലേക്ക് ശക്തമായി തിരിച്ചെത്താന്‍ രോഹിത്തിനും സംഘത്തിനുമായി. ബാറ്റിങ് ലൈനപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ലീഗിലെ ആറാം മത്സരത്തിനും മുംബൈ ഇറങ്ങുന്നത്.

ഇഷാന്‍ കിഷന്‍, നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നീ ഇന്ത്യന്‍ താരങ്ങളാണ് ടീമിന്‍റെ കരുത്ത്. കാമറൂണ്‍ ഗ്രീന്‍ താളം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. ടിം ഡേവിഡിന്‍റെ ബാറ്റിങ്ങും നിര്‍ണായകമാണ്.

Also Read:IPL 2023 | 'വിക്കറ്റിന് പിന്നിലെ മായാജാലക്കാരന്‍'; ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി 'തല' ധോണി

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്നും ടീമിലിടം നേടാനാണ് സാധ്യത. സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചര്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പന്തെറിഞ്ഞിരുന്നു. ഇന്ന് പഞ്ചാബിനെതിരായ മത്സരത്തിലൂടെ ഇംഗ്ലീഷ് പേസര്‍ ടീമിലേക്ക് മടങ്ങിയെത്തുമോയെന്ന് കണ്ടറിയണം.

തിരിച്ചുവരവിന് പഞ്ചാബ് :ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് കളിയും ജയിച്ച് മികച്ച രീതിയില്‍ തുടങ്ങിയ ടീമാണ് പഞ്ചാബ് കിങ്‌സ്. എന്നാല്‍ പിന്നീട് കളത്തിലിറങ്ങിയ നാല് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയം നേടാന്‍ അവര്‍ക്കായുള്ളു. നിലവില്‍ നായകന്‍ ശിഖര്‍ ധവാന്‍റെ അഭാവം ടീമിന്‍റെ പ്രകടനങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്താനാകാത്തതാണ് ടീമിന്‍റെ തലവേദന. വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്‌സ്റ്റണും താളം കണ്ടെത്തേണ്ടതുണ്ട്. ധവാന്‍റെ അഭാവത്തില്‍ സാം കറന്‍ തന്നെയാകും ടീമിനെ ഇന്നും നയിക്കുക.

ചരിത്രത്തിലെ കണക്ക് : നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഏറെക്കുറെ തുല്യരാണ് മുംബൈയും പഞ്ചാബും. ഇതുവരെ 29 മത്സരങ്ങളില്‍ ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ 15 എണ്ണത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയം നേടിയപ്പോള്‍ 14 എണ്ണത്തില്‍ ജയിക്കാന്‍ പഞ്ചാബ് കിങ്‌സിനായി.

Also Read: IPL 2023 | കണക്ക് തീര്‍ക്കാന്‍ ലഖ്‌നൗ, ചരിത്രം ആവര്‍ത്തിക്കാന്‍ ഗുജറാത്ത്; രാഹുലും ഹാര്‍ദികും മുഖാമുഖം, ഇന്ന് തുല്യരുടെ പോരാട്ടം

പിച്ച് റിപ്പോര്‍ട്ട് :ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചാണ് വാങ്കഡെയിലുള്ളത്. ചെറിയ ബൗണ്ടറികള്‍ ആയതുകൊണ്ട് തന്നെ വമ്പന്‍ സ്‌കോറുകള്‍ ഇവിടെ പിറന്നേക്കാം. മത്സരം പുരോഗമിക്കുമ്പോള്‍ ബോളര്‍മാര്‍ക്ക് ചെറിയ തരത്തിലുള്ള പിന്തുണ പിച്ചില്‍ നിന്നും ലഭിച്ചേക്കാം. ബാറ്റര്‍മാരെ തുണയ്‌ക്കുന്നത് കൊണ്ട് തന്നെ ടോസ് ലഭിക്കുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാകും താല്‍പര്യപ്പെടുന്നത്.

ABOUT THE AUTHOR

...view details