ലഖ്‌നൗ: ഐപിഎൽ പതിനാറാം പതിപ്പിൽ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ഇന്നിറങ്ങും. അവസാന മത്സരത്തിലെ തോൽവി മറക്കാൻ ഇറങ്ങുന്ന ഗുജറാത്ത് ടൈറ്റൻസ് ആണ് കെ എൽ രാഹുലിന്‍റെയും സംഘത്തിന്‍റെയും എതിരാളികൾ. ലഖ്‌നൗ ഏകന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൈകുന്നേരം 3.30നാണ് ആരംഭിക്കുന്നത്.
എട്ട് പോയിന്‍റുള്ള ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് നിലവിൽ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് ആറുപോയിന്‍റുമായി നാലാമതും.
ലഖ്‌നൗവിന് ജയം തുടരണം:അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ ഇന്നിറങ്ങുന്നത്. ബൗളർമാരുടെ കരുത്തിലായിരുന്നു ഈ ജയം. ഹോം ഗ്രൗണ്ടിൽ പേസർ ആവേശ് ഖാൻ താളം കണ്ടെത്തിയത് ടീമിന് ആശ്വാസം.
അസുഖബാധിതനായ മാർക്ക് വുഡിന്‍റെ ഫിറ്റ്‌നസ് ചെറിയ തലവേദന സൃഷ്‌ടിക്കുമ്പോഴും പകരക്കാരനായി അവസാന മത്സരം കളിച്ച നവീൻ ഉല്‍ ഹഖിന്‍റെ പ്രകടനം ആതിഥേയർക്ക് പ്രതീക്ഷയാണ്. നായകൻ കെ എൽ രാഹുലിന്‍റെ ബാറ്റിങ്ങിലെ മെല്ലെപോക്കും മറ്റ് ബാറ്റർമാർ സ്ഥിരത പുലർത്താത്തതുമാണ് നിലവിൽ ടീം നേരിടുന്ന പ്രശ്‌നം. ഇന്ത്യൻ താരം ദീപക് ഹൂഡയും ഇതുവരെ മികവിലേക്ക് ഉയർന്നിട്ടില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നുവെന്ന ആനുകൂല്യം പരമാവധി മുതലെടുത്ത് ഗുജറാത്തിനെതിരെ ജയം പിടിക്കാനാകും ഇന്ന് ലഖ്‌നൗവിന്‍റെ ശ്രമം.
കരുത്ത് കാട്ടാന്‍ ഗുജറാത്ത്:ടൂർണമെന്‍റില്‍ മികച്ച തുടക്കമാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന് ലഭിച്ചത്. എന്നാൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രം നേടാനാണ് അവർക്കായത്. ബാറ്റിങ്ങിൽ ടീമിന് കാര്യമായ വെല്ലുവിളികളൊന്നും ഇല്ല.