കേരളം

kerala

ETV Bharat / sports

അടിച്ച് തകര്‍ത്ത് സഞ്ജു; വിറച്ച് ജയിച്ച് പഞ്ചാബ് - പഞ്ചാബ് കിങ്സ്

ആദ്യ ബാറ്റ് ചെയ്‌ത് ആറ് വിക്കറ്റ് നഷ്‌ട്ടത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 221 റണ്‍സിനെതിരെയുള്ള രാജസ്ഥാന്‍റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സിലവസാനിച്ചു. സഞ്ജു സീസണിലെ ആദ്യ സെഞ്ച്വറിയും സ്വന്തമാക്കി.

ipl latest news  ipl match result  pbks vs rr  ഐപിഎല്‍ വാര്‍ത്തകള്‍  പഞ്ചാബ് കിങ്സ്  സഞ്ജു സാസണ്‍
അടിച്ച് തകര്‍ത്ത് സഞ്ജു; വിറച്ച് ജയിച്ച് പഞ്ചാബ്

By

Published : Apr 13, 2021, 12:39 AM IST

മുംബൈ: ക്യാപ്‌റ്റനായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തകര്‍പ്പൻ സെഞ്ചറിയോടെ മുന്നില്‍ നിന്ന് നയിച്ചെങ്കിലും രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സഞ്ജു സാംസണായില്ല. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ പഞ്ചാബ് കിങ്സിന് നാല് റണ്‍സിന്‍റെ ജയം. ആദ്യ ബാറ്റ് ചെയ്‌ത് ആറ് വിക്കറ്റ് നഷ്‌ട്ടത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 221 റണ്‍സിനെതിരെയുള്ള രാജസ്ഥാന്‍റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സിലവസാനിച്ചു.

63 പന്തില്‍ ഏഴ് സിക്‌സുകളുടെയും 12 ഫോറുകളുടെയും അകമ്പടിയോടെ 119 റണ്‍സെടുത്ത സഞ്ജുവിന് പിന്തുണ നല്‍കാൻ ആര്‍ക്കുമാകാതെ പോയതാണ് അര്‍ഹിച്ച വിജയം രാജസ്ഥാന് നഷ്‌ടമാക്കിയത്. എങ്കിലും സീസണിലെ ആദ്യ സെഞ്ച്വറി, ക്യാപ്‌റ്റനായ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി എന്നീ നേട്ടങ്ങള്‍ സഞ്ജുവിന്‍റെ കരിയറിനോടൊപ്പം ചേര്‍ന്നുവെന്ന് ആരാധകര്‍ക്ക് ആശ്വസിക്കാം.

മറുവശത്ത് കഴിഞ്ഞ സീസണില്‍ ഉണ്ടായ അതേ പ്രശ്‌നങ്ങള്‍ ഇത്തവണയും ടീമിനുണ്ടെന്ന് പഞ്ചാബ് ആശങ്കപ്പെടേണ്ടതുണ്ട്. മികച്ചൊരു ബോളിങ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അഭാവം ഇത്തവണയും രാഹുലിന് തലവേദനയാകുമെന്നതിന്‍റെ സൂചന കൂടിയാണ് ഇന്നത്തെ മത്സരഫലം.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് അധികം വൈകാതെ തന്നെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ നഷ്‌ടമായി. 9 പന്തില്‍ 14 റണ്‍സ് മാത്രമായിരുന്നു മായങ്കിന്‍റെ സംഭാവന. പിന്നാലെ ഒത്തുചേര്‍ന്ന് രാഹുല്‍ - ഗെയ്ല്‍ സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. ആദ്യ ഘട്ടത്തില്‍ രാഹുല്‍ പതിയെ കളിച്ചപ്പോള്‍ അടിച്ചു തകര്‍ത്തത് ഗെയ്‌ലായിരുന്നു. 28 പന്തില്‍ 40 റണ്‍സെടുത്ത് ക്രിസ്‌ ഗെയ്ല്‍ മടങ്ങുമ്പോള്‍ ടീമിന് മികച്ച അടിത്തറ ലഭിച്ചിരുന്നു.

പിന്നാലെ സ്ഥാനക്കയറ്റം ലഭിച്ച് കളത്തിലിറങ്ങിയ ദീപക്‌ ഹൂഡയാണ് പഞ്ചാബ് സ്‌കോറിങ്ങിന്‍റെ ഗീയര്‍ മാറ്റിയത്. 28 പന്തില്‍ നിന്ന് ആറ് സിക്‌സും നാല് ഫോറും അടക്കം 64 റണ്‍സാണ് ഹൂഡ അടിച്ചെടുത്തത്. മറുവശത്ത് പക്വതയോടെ 50 പന്തില്‍ 91 റണ്‍സെടുത്ത രാഹുലും നിലയുറപ്പിച്ചതോടെ ടീം സ്‌കോര്‍ ശരവേഗത്തില്‍ മുന്നേറി. സ്‌കോര്‍ ബോര്‍ഡ് 194 ല്‍ എത്തിയപ്പോഴാണ് സഖ്യം പിരിഞ്ഞത്. പിന്നാലെയെത്തിയ പുരാൻ പൂജ്യത്തിന് പുറത്തായെങ്കിലും അവസാന നിമിഷങ്ങളിലെ രാഹുലിന്‍റെ ഷോട്ടുകള്‍ ടീം സ്‌കോര്‍ 221ല്‍ എത്തിച്ചു.

എട്ട് പേരെയാണ് സഞ്ജു പന്തേല്‍പ്പിച്ചത്. അതില്‍ ആറ് പേരുടെയും എക്കോണമി റേറ്റ് പത്തിന് മുകളിലായിരുന്നു. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ചേതൻ സക്കറിയ മികച്ച് നിന്നു. ക്രിസ്‌ മോറിസ് രണ്ട് വിക്കറ്റും പരാഗ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ ഞെട്ടലോടെയാണ് രാജസ്ഥാൻ തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് സൂപ്പര്‍ താരം ബെൻ സ്‌റ്റോക്‌സ് പുറത്ത്. ഷമിയാണ് പഞ്ചാബിന് വേണ്ടി ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത ക്യാപ്‌റ്റൻ കരുതലോടെ കളിച്ചു. മോശം പന്തുകളെ അടിച്ചകറ്റിയും മികച്ച പന്തുകളെ മികവോടെ പ്രതിരോധിച്ചും സഞ്ജു ടീമിന്‍റെ വിജയ പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ ഒപ്പം നില്‍ക്കാൻ ആരും ഇല്ലായിരുന്നു.

ഒരു വശത്ത് സഞ്‌ജുവിന്‍റെ തല്ല് വാങ്ങുമ്പോഴും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താൻ പഞ്ചാബ് ബോളിങ് നിരയ്‌ക്കായി. ജോസ്‌ ബട്‌ലര്‍ (25 റണ്‍സ്) ശിവം ദുബൈ (23 റണ്‍സ്) പരാഗ് (25) എന്നിവര്‍ക്കാര്‍ക്കും അധിക നേരം ക്രീസില്‍ ആയുസുണ്ടായിരുന്നില്ല. അവസാന ഓവര്‍ വരെ രാജസ്ഥാന് പ്രതീക്ഷ നല്‍കിയത് സഞ്ജുവിന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അവസാന പന്തില്‍ ജയിക്കാൻ അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ സഞ്‌ജു ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറിന്‍റെ ലൈനിന്‍റെ തൊട്ടടുത്ത് നിന്നാണ് ദീപക് ഹൂഡ പിടിച്ചെടുത്ത്. അപ്പോഴാണ് പഞ്ചാബ് ആരാധകരുടെ മുഖം തെളിഞ്ഞതും.

ഇരു ടീമുകള്‍ക്കും കാര്യമായ പാഠങ്ങള്‍ നല്‍കിയാണ് മത്സരം അവസാനിച്ചത്. കഴിഞ്ഞ സീസണിലേതിന് സമാനമാണ് പഞ്ചാബിന്‍റെ അവസ്ഥ. തകര്‍ത്തടിക്കാൻ ബാറ്റ്‌സ്‌മാൻമാരുണ്ടെങ്കിലും ടീം സ്‌കോര്‍ സംരക്ഷിക്കാനുള്ള പ്രകടനം ബോളര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മറുവശത്ത് സഞ്ജുവിന്‍റെ ഭാരം കുറയ്‌ക്കാൻ മറ്റ് ബാറ്റ്‌സ്‌മാന്മാര്‍ ശ്രമിക്കേണ്ടതുണ്ട്. കോടികള്‍ വാങ്ങി ടീമിലെത്തിച്ച ക്രിസ് മോറിസില്‍ നിന്ന് മാച്ച് വിന്നിങ് പെര്‍ഫോമൻസും ടീം പ്രതീക്ഷിക്കുന്നുണ്ട്. നാല് ഓവറില്‍ 41 റണ്‍സാണ് ക്രിസ്‌ മോറിസ് ഇന്ന് വഴങ്ങിയത്.

ABOUT THE AUTHOR

...view details