ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴ് വിക്കറ്റിന്‍റെ വിജയം പിടിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 189 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് 182 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇതിനിടെ കളിക്കളത്തില്‍ വച്ചുണ്ടായ ഒരു സംഭവത്തിന്‍റെ പേരില്‍ ബാംഗ്ലൂരിന്‍റെ യുവതാരം മഹിപാൽ ലോംറോറിനോട് മാപ്പ് പറഞ്ഞിരിക്കുകയാണ് പേസര്‍ മുഹമ്മദ് സിറാജ്.
രാജസ്ഥാന്‍ ഇന്നിങ്‌സിനിടെ ഒരു റൺഔട്ട് ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ശാന്തത നഷ്‌ടപ്പെട്ട മുഹമ്മദ് സിറാജ് മഹിപാൽ ലോംറോറിനോട് പൊട്ടിത്തെറിച്ചിരുന്നു. സംഭവം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്‌തു. മത്സരം അവസാനിച്ചതിന് ശേഷം, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിറാജ് മാപ്പു പറയുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കളിക്കളത്തില്‍ വച്ചുതന്നെ എല്ലാം അവസാനിച്ചു. ഇതിനകം തന്നെ രണ്ട് തവണ താന്‍ മാപ്പു പറഞ്ഞു കഴിഞ്ഞുവെന്നുമാണ് വീഡിയോയില്‍ സിറാജ് പറയുന്നത്. "എന്നോട് ക്ഷമിക്കണം മഹിപാൽ. ഞാൻ ഇതിനകം രണ്ട് തവണ മാപ്പ് പറഞ്ഞു. മൈതാനത്തിന് പുറത്തേക്ക് ഒന്നും തന്നെയില്ല. മത്സരത്തിന് ശേഷം എല്ലാം ശാന്തമാണ്", സിറാജ് പഞ്ഞു.
സിറാജിന്‍റെ വാക്കുകളോടുള്ള മഹിപാൽ ലോംറോറിന്‍റെ പ്രതികരണവും വീഡിയോയിലുണ്ട്. "കുഴപ്പമില്ല സിറാജ് ഭായ്. വലിയ മത്സരങ്ങളിൽ ഇത്തരം ചെറിയ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും", എന്നാണ് താരം പറഞ്ഞത്.
അതേസമയം സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് വിരാട് കോലി നയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് വഴങ്ങിയത്. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റു ചെയ്യാന്‍ ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിനായിരുന്നു 189 റണ്‍സ് നേടിയത്.
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ബാംഗ്ലൂരിനെ മികച്ച ടോട്ടലില്‍ എത്തിച്ചത്. 44 പന്തില്‍ 77 റണ്‍സെടുത്ത മാക്‌സ്‌വെല്ലായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. 39 പന്തില്‍ 62 റണ്‍സായിരുന്നു ഡുപ്ലെസിസ് നേടിയത്. ക്യാപ്റ്റന്‍ വിരാട് കോലിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 182 റണ്‍സില്‍ എത്തിയത്.
അര്‍ധ സെഞ്ചുറി നേടിയ ദേവ്‌ദത്ത് പടിക്കലായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 52 റണ്‍സാണ് താരം നേടിയത്. യശസ്വി ജയ്‌സ്വാളും ( 37 പന്തില്‍ 47 റണ്‍സ്) തിളങ്ങി. ജോസ് ബട്‌ലറെ (2 പന്തില്‍ 0) ആദ്യ ഓവറില്‍ തന്നെ നഷ്‌ടമായ രാജസ്ഥാനെ പിന്നീട് ഒന്നിച്ച യശസ്വി ജയ്‌സ്വാൾ-ദേവ്‌ദത്ത് പടിക്കല്‍ സഖ്യം ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷ നല്‍കിയിരുന്നു. ദേവ്‌ദത്ത് പടിക്കല്‍ മടങ്ങിയതിന് ശേഷം എത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ് മികച്ച തുടക്കം ലഭിച്ചുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
15 പന്തില്‍ 22 റണ്‍സെടുത്ത സഞ്‌ജുവിനെ ഹര്‍ഷല്‍ പട്ടേലാണ് പുറത്താക്കിയത്. ഇതിനിടെ യശസ്വി ജയ്‌സ്വാളും പിന്നീട് ഷിമ്രോണ്‍ ഹെറ്റ്‌മെയറും (9 പന്തില്‍ 3) മടങ്ങിയത് കളിയില്‍ വമ്പന്‍ വഴിത്തിരിവായി. തുടര്‍ന്ന് ഒന്നിച്ച ധ്രുവ് ജുറലും (16 പന്തില്‍ 34*) ആര്‍ അശ്വിനും (6 പന്തില്‍ 12) പൊരുതി നോക്കിയെങ്കിലും വിജയം അകന്ന് നില്‍ക്കുകയും ചെയ്‌തു.
ALSO READ:"സ്വയം വിശ്വസിക്കുക, വിനയാന്വിതരായി തുടരുക"; രാജസ്ഥാന്‍ താരങ്ങളോട് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍