കേരളം

kerala

ETV Bharat / sports

IPL 2023| അര്‍ധ സെഞ്ചുറിയുമായി മാർക്കസ് സ്റ്റോയിനിസ്; മുംബൈക്കെതിരെ ലഖ്‌നൗവിന് മികച്ച സ്‌കോര്‍ - ക്രുണാല്‍ പാണ്ഡ്യ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 178 റണ്‍സിന്‍റെ വിജയ ലക്ഷ്യം.

IPL  IPL 2023  LSG vs MI score updates  Krunal Pandya  Marcus Stoinis  ഐപിഎല്‍  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  മുംബൈ ഇന്ത്യന്‍സ്  ക്രുണാല്‍ പാണ്ഡ്യ  മാർക്കസ് സ്റ്റോയിനിസ്
അര്‍ധ സെഞ്ചുറിയുമായി മാർക്കസ് സ്റ്റോയിനിസ്

By

Published : May 16, 2023, 9:39 PM IST

ലഖ്‌നൗ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സാണ് നേടിയത്. മാർക്കസ് സ്റ്റോയിനിസിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ലഖ്‌നൗവിന് തുണയായത്.

47 പന്തില്‍ പുറത്താവാതെ 89 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 42 പന്തില്‍ 49 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയും നിര്‍ണായകമായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പിടിച്ച് നിന്നതോടെയാണ് ലഖ്‌നൗ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറിയത്.

ലഖ്‌ന സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തുടക്കം മികച്ചതായിരുന്നില്ല. ഇന്നിങ്‌സിന്‍റെ ആദ്യ ഓവറില്‍ ജേസൺ ബെഹ്‌റൻഡോർഫിനെതിരെ മൂന്ന് റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് നേടാന്‍ കഴിഞ്ഞത്. ക്രിസ് ജോർദാൻ എറിഞ്ഞ രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ദീപക് ഹൂഡയുടെ ക്യാച്ച് ടിം ഡേവിഡ് നഷ്‌ടപ്പെടുത്തി. ഒരു സിക്‌സടക്കം ഒമ്പത് റണ്‍സാണ് ജോർദാൻ വഴങ്ങിയത്.

എന്നാല്‍ വീണ്ടും പന്തെറിയാനെത്തിയ ബെഹ്‌റൻഡോർഫ് ലഖ്‌നൗവിന് ഇരട്ട പ്രഹരം നല്‍കി. ദീപക് ഹൂഡയേയും (7 പന്തില്‍ 5) പ്രേരക് മങ്കാദിനെയും (1 പന്തില്‍ 0) താരം ഇഷാന്‍ കിഷന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയും ക്വിന്‍റണ്‍ ഡി കോക്കും കരുതി കളിച്ചതോെട പവര്‍പ്ലേ പിന്നിടുമ്പോള്‍ 35/2 എന്ന നിലയിലായിരുന്നു ലഖ്‌നൗ.

എന്നാല്‍ ഏഴാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഡി കോക്കിനെ (15 പന്തില്‍ 16) മടക്കിയ പിയൂഷ്‌ ചൗള മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ഒന്നിച്ച ക്രുണാലും മാർക്കസ് സ്റ്റോയിനിസും ചേര്‍ന്നാണ് ലഖ്‌നൗവിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരയറ്റിയത്. ഇരുവരും ശ്രദ്ധയോടെ കളിച്ചതോടെ 14-ാം ഓവറില്‍ ലഖ്‌നൗ നൂറ് കടന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് 16-ാം ഓവറിന് ശേഷം ക്രുണാല്‍ (42 പന്തില്‍ 49) മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്.

മടങ്ങും മുമ്പ് സ്റ്റോയിനിസിനൊപ്പം 82 റണ്‍സാണ് ക്രുണാല്‍ ടീം ടോട്ടലില്‍ ചേര്‍ത്തത്. ക്രിസ് ജോർദാൻ എറിഞ്ഞ 17-ാം ഓവറിന്‍റെ ആദ്യ പന്തില്‍ സിക്‌സറടിച്ചുകൊണ്ടാണ് സ്റ്റോയിനിസ് അര്‍ധ സെഞ്ചുറിയിലെത്തിയത്. തുടര്‍ന്ന് മൂന്ന് ഫോറുകളും ഒരു സിക്‌സും കൂടെ സ്റ്റോയിനിസ് നേടിയതോടെ 24 റണ്‍സാണ് ജോർദാൻ ഈ ഓവറില്‍ വഴങ്ങിയത്. 19-ാം ഓവറില്‍ ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫിനെ 19 റണ്‍സും ആകാശ് മധ്വാൾ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സുമാണ് ലഖ്‌നൗ നേടിയത്. നിക്കോളാസ് പുരാനും (8 പന്തില്‍ 8) സ്റ്റോയിനിസിനൊപ്പം പുറത്താവാതെ നിന്നു.

മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, നെഹാൽ വധേര, ടിം ഡേവിഡ്, ഹൃത്വിക് ഷോക്കീൻ, ക്രിസ് ജോർദാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിംഗ് ഇലവൻ):ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, പ്രേരക് മങ്കാദ്, ക്രുണാൽ പാണ്ഡ്യ (ക്യാപ്റ്റന്‍), മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, ആയുഷ് ബദോനി, നവീൻ ഉൾ ഹഖ്, രവി ബിഷ്‌ണോയ്, സ്വപ്‌നിൽ സിങ്, മൊഹ്‌സിൻ ഖാൻ.

ABOUT THE AUTHOR

...view details