ലഖ്‌നൗ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ലഖ്‌നൗ 19.2 ഓവറില്‍ 125/7 എന്ന നിലയിലായിരിക്കെ മഴയത്തിയപ്പോള്‍ മത്സരം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഇടവിട്ട് മഴ പെയ്‌തതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനമുണ്ടായത്.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചു. ഇതോടെ 10 കളികളില്‍ നിന്നും ചെന്നൈക്കും ലഖ്‌നൗവിനും 11 പോയിന്‍റുകള്‍ വീതമായി. നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ചെന്നൈ രണ്ടും ലഖ്‌നൗ മൂന്നാം സ്ഥാനത്തുമാണ്.
മഴയെത്തുടര്‍ന്ന് വൈകിത്തുടങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് ആയുഷ് ബദോനിയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആക്രമിച്ച് കളിച്ച ബദോനി 33 പന്തില്‍ 59* റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. രണ്ട് ഫോറുകളും നാല് സിക്‌സുകളും താരം നേടിയിരുന്നു.
തകര്‍ച്ചത്തുടക്കം :ആദ്യ ആറോവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 31 റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍മാരായ കെയ്‌ല്‍ മെയേഴ്‌സും മനന്‍ വോറയും ശ്രദ്ധയോടെ കളിച്ചപ്പോള്‍ ആദ്യ മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് ലഭിച്ചത്. തൊട്ടടുത്ത ഓവറില്‍ പതിയ ഗിയര്‍ മാറ്റാനുള്ള കെയ്‌ല്‍ മേയേഴ്‌സിന്‍റെ (17 പന്തില്‍ 14) ശ്രമം പുറത്താവലില്‍ കലാശിക്കുകയും ചെയ്‌തു.
മൊയീന്‍ അലിയുടെ പന്തില്‍ സിക്‌സടിക്കാന്‍ ശ്രമിച്ച മെയേഴ്‌സിനെ ലോങ്-ഓഫില്‍ റിതുരാജ് ഗെയ്‌ക്‌വാദ് പിടികൂടുകയായിരുന്നു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ മഹീഷ് തീക്ഷണ സംഘത്തിന് ഇരട്ട പ്രഹരം നല്‍കി. മനന്‍ വോറയേയും (11 പന്തില്‍ 10) ക്രുണാല്‍ പാണ്ഡ്യയേയുമാണ് (1 പന്തില്‍ 0) താരം മടക്കിയത്.
മനന്‍ വോറ ബൗള്‍ഡായപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെ പിടികൂടുകയായിരുന്നു. ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ ക്രുണാലിന്‍റെ ആദ്യ ഇന്നിങ്‌സായിരുന്നു ഇത്. വൈകാതെ മാർക്കസ് സ്റ്റോയിനിസിനെ (4 പന്തില്‍ 6) ജഡേജയും കരണ്‍ ശര്‍മയെ (16 പന്തില്‍ 9) മൊയീന്‍ അലിയും തിരിച്ച് കയറ്റിയതോടെ ലഖ്‌നൗ 9.4 ഓവറില്‍ 44/5 എന്ന നിലയിലേക്ക് വീണു.