ലഖ്‌നൗ:ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 127 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിനെ ലഖ്‌നൗ സ്‌പിന്നര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 126 റണ്‍സിന് പിടിച്ച് കെട്ടുകയായിരുന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസാണ് (44) സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
പതിഞ്ഞ തുടക്കമായിരുന്നു ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ബാംഗ്ലൂരിന് നല്‍കിയത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇരുവരും പതിവ് വേഗം കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 42 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കോലിയെ സംഘത്തിന് നഷ്‌ടമാവുകയും ചെയ്‌തു.
ഒമ്പതാം ഓവറിന്‍റെ ആറാം പന്തില്‍ രവി ബിഷ്‌ണോയിയുടെ ഗൂഗ്ലിയില്‍ പിഴച്ച കോലിയെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്‌ത് തിരിച്ചയയ്‌ക്കുകയായിരുന്നു. 30 പന്തുകളില്‍ നിന്നും മൂന്ന് ഫോറുകള്‍ സഹിതം 31 റണ്‍സായിരുന്നു കോലി നേടിയത്. ഒന്നാം വിക്കറ്റില്‍ 62 റണ്‍സാണ് കോലി-ഡുപ്ലെസിസ് സഖ്യം ചേര്‍ത്തത്.
തുടര്‍ന്നെത്തിയ അനൂജ് റാവത്ത്(11 പന്തില്‍ 9), ഗ്ലെൻ മാക്‌സ്‌വെൽ (5 പന്തില്‍ 4), സുയാഷ് പ്രഭുദേശായി (7 പന്തില്‍ 6) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ബാംഗ്ലൂര്‍ 14.3 ഓവറില്‍ 90/4 എന്ന നിലയിലേക്ക് വീണു. അനൂജിനെ കൃഷ്‌ണപ്പ ഗൗതം കെയ്‌ല്‍ മെയേഴ്‌സിന്‍റെ കയ്യില്‍ എത്തിച്ചപ്പോള്‍ മാക്‌സ്‌വെല്ലിനെ രവി ബിഷ്‌ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി.