മുംബൈ: ഐപിഎല്ലിൽ തോൽവിയുടെ നിലയില്ലാ കയത്തിൽ മുങ്ങിത്താഴ്ന്ന് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യൻസ്. ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനോട് 36 റണ്‍സിന് അടിയറവ് പറഞ്ഞ മുംബൈയുടെ തുടർച്ചയായ എട്ടാം തോൽവിയാണിത്. ലഖ്‌നൗ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ നേടാനായത് 132 റണ്‍സ് മാത്രം.
ലഖ്‌നൗ ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്‌ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ഒരു ഭാഗത്ത് ഇഷൻ കിഷൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മറുഭാഗത്ത് നായകൻ രോഹിത് സ്‌കോറിങ്ങിന് വേഗം കൂട്ടി. 20 പന്തില്‍ നിന്ന് വെറും എട്ടു റണ്‍സുമായി ഇഷാൻ മടങ്ങിയതോടെ മുംബൈയുടെ തകര്‍ച്ചയും തുടങ്ങി.
പിന്നാലെയെത്തിയ ഡെവാള്‍ഡ് ബ്രെവിസ് മൂന്ന് റണ്‍സുമായി മടങ്ങി. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന രോഹിത് 31 പന്തില്‍ 39 റൺസുമായി വീണതോടെ മുംബൈ പ്രതിരോധത്തിലായി. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ കരകയറ്റാറുള്ള സൂര്യകുമാര്‍ യാദവിനെ ആയുഷ് ബദോനിയും പുറത്താക്കി.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മ - കിറോണ്‍ പൊള്ളാര്‍ഡ് സഖ്യം 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുംബൈക്ക് പ്രതീക്ഷ നല്‍കി. 27 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 38 റണ്‍സെടുത്ത തിലകിനെ പുറത്താക്കിയ ജേസണ്‍ ഹോള്‍ഡര്‍ മുംബൈയുടെ അവസാന പ്രതീക്ഷയും ഊതിക്കെടുത്തി. പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമായ പൊള്ളാര്‍ഡ് 20 പന്തില്‍ 19 റണ്‍സുമായി മടങ്ങി.
ALSO READ:IPL 2022: ഒരുസീസണില്‍ ഒരേ ടീമിനെതിരെ രണ്ട് സെഞ്ചുറി; കോലിയുടെ നേട്ടത്തിനൊപ്പം രാഹുല്‍
അവസാന ഓവറില്‍ പൊള്ളാര്‍ഡിന് പിന്നാലെ ജയദേവ് ഉനദ്ഘട്ടിനെയും വീഴ്ത്തിയ ക്രുനാല്‍ ഡാനിയേല്‍ സാംസിനെ റണ്ണൗട്ടാക്കുകയും ചെയ്‌തു. ലഖ്‌നൗവിനായി ക്രുനാല്‍ മൂന്നു വിക്കറ്റെടുത്തു. ലക്‌നൗവിനോട് സീസണിൽ രണ്ടാം തവണയാണ് മുംബൈ തോൽക്കുന്നത്. ആദ്യ മത്സരത്തിൽ 18 റൺസിനാണ് ലക്‌നൗ വിജയിച്ചത്.
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്‍റെ സെഞ്ച്വറി മികവിലാണ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 168 റണ്‍സെടുത്തു. 62 പന്തില്‍ 103 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുലാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. ഈ സീസണില്‍ രാഹുലിന്റെ രണ്ടാം സെഞ്ച്വറിയാണിത്. മുംബൈയ്ക്കായി കീറോൺ പൊള്ളാർഡ്, റിലേ മെറിഡിത്ത് എന്നിവർ രണ്ടും ജസ്പ്രീത് ബുമ്ര, ഡാനിയൽ സാംസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.