ലഖ്‌നൗ:എല്‍എസ്‌ജി-ആര്‍സിബി ത്രില്ലര്‍ പോരിനൊടുവില്‍ ഏകന സ്റ്റേഡിയത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. മത്സരശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ലഖ്‌നൗ മെന്‍റര്‍ ഗൗതം ഗംഭീറും സഹതാരങ്ങളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇരു ടീമുകളും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയ മത്സരത്തിലും സമാനരീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
ലഖ്‌നൗവിന്‍റെ അഫ്‌ഗാന്‍ താരം നവീന്‍ ഉല്‍ ഹഖിന്‍റെ പുറത്താകലിന് പിന്നാലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പതിനെട്ടാം ഓവറില്‍ ജോഷ് ഹേസല്‍വുഡിന്‍റെ പന്തില്‍ പുറത്തായതിന് പിന്നാലെ നവീന്‍ ഉല്‍ ഹഖും വിരാട് കോലിയുമായി ചെറിയ വാക് പോരിലേക്ക് നീങ്ങി. ക്രീസിലുണ്ടായിരുന്ന വെറ്ററന്‍ താരം അമിത് മിശ്ര ഇടപെട്ടാണ് ഈ രംഗം തണുപ്പിച്ചത്.
പിന്നാലെ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ക്രീസിലേക്കെത്തി. എന്നാല്‍ മത്സരത്തില്‍ ടീമിനെ ജയത്തിലെത്തിക്കാന്‍ രാഹുലിന് സാധിച്ചില്ല. അവസാന ഓവറിലെ അഞ്ചാം പന്തില്‍ അമിത് മിശ്രയെ പുറത്താക്കി ആര്‍സിബി 18 റണ്‍സിന്‍റെ ജയം ആഘോഷിച്ചു.
ഇതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങള്‍ക്ക് ഏകന സ്റ്റേഡിയം സാക്ഷിയായത്. മത്സരശേഷം സാധാരണ നിലയില്‍ തന്നെ ഇരു ടീമുകളിലെയും താരങ്ങളും കോച്ചിങ് സ്റ്റാഫുകളും കൈകൊടുത്ത് പിരിഞ്ഞിരുന്നു. എന്നാല്‍ ഈ സമയം വിരാടിന് കൈ കൊടുത്ത നവീന്‍ ആര്‍സിബി താരത്തോട് ദേഷ്യത്തേടെ സംസാരിക്കുകയും കൈ തള്ളിമാറ്റുകയും ചെയ്‌തു.
മുന്നിലേക്ക് നടന്ന കോലി തിരിഞ്ഞ് നവീനോടും എന്തോ പറഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുന്‍പ് ഗ്ലെന്‍ മാക്‌സ്‌വെല്ലും മറ്റ് താരങ്ങളും ഇടപെട്ട് രംഗം തണുപ്പിച്ചു. എന്നാല്‍ അവിടം കൊണ്ടും അവസാനിപ്പിക്കാന്‍ നവീന്‍ ഉല്‍ ഹഖ് തയ്യാറായിരുന്നില്ല.