ചെന്നൈ:ജസ്‌പ്രീത് ബുംറയുടെയും ജോഫ്ര ആര്‍ച്ചറുടെയും അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ നിന്നുള്ള പുത്തന്‍ താരോദയമാണ് ആകാശ് മധ്വാള്‍. പേരുകേട്ട പല വമ്പന്‍മാരും മുംബൈ ബൗളിങ് നിരയില്‍ തല്ലുകൊള്ളികളായി മാറിയപ്പോള്‍ കിട്ടിയ അവസരങ്ങളിലെല്ലാം അവരുടെ രക്ഷകനായി അവതരിക്കാന്‍ ഈ 29 കാരനായ ഉത്തരാഖണ്ഡുകാരന് സാധിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തിലും രോഹിതിനും സംഘത്തിനും 81 റണ്‍സിന്‍ തകര്‍പ്പന്‍ ജയം സമ്മാനിക്കുന്നതിലും മധ്വാളിന്‍റെ പ്രകടനം നിര്‍ണായകമായി.
ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സരത്തിന്‍റെ ആദ്യ പകുതി നവീന്‍ ഉല്‍ ഹഖിന് സ്വന്തമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈയെ വിറപ്പിക്കാന്‍ ലഖ്‌നൗ പേസര്‍ക്കായി. നാലോവര്‍ പന്തെറിഞ്ഞ നവീന്‍ 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റും പിഴുതായിരുന്നു മൈതാനത്ത് നിന്നും തിരികെ കയറിയത്.
നിര്‍ണായക മത്സരത്തില്‍ മുംബൈയുടെ പ്രധാന താരങ്ങളെയെല്ലാം പുറത്താക്കാന്‍ നവീനായി. 10 പന്തില്‍ 11 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയാണ് ആദ്യം ലഖ്‌നൗ പേസറിന് മുന്നില്‍ വീണത്. പിന്നാലെ സൂര്യകുമാര്‍ യാദവ് (33), കാമറൂണ്‍ ഗ്രീന്‍ (41), തിലക് വര്‍മ (26) എന്നിവരെയും നവീന്‍ മടക്കി.
നാല് വിക്കറ്റുമായി നവീന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 182 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തിരുന്നു. 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വമ്പന്‍ പേരുകളൊന്നുമില്ലാത്ത മുംബൈ ബൗളര്‍മാരെ തല്ലിച്ചതച്ച് അനായാസം ജയം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് ഇരുട്ടടിയെന്നോണമായിരുന്നു ചെപ്പോക്കിലെ ആകാശ് മധ്വാളിന്‍റെ പ്രകടനം.
ഈ സീസണില്‍ ഡെത്ത് ഓവറുകളില്‍ തന്‍റെ മികവ് എന്താണെന്ന് തെളിയിച്ചിട്ടുള്ള താരമാണ് ആകാശ് മധ്വാള്‍. എന്നാല്‍, എലിമിനേറ്ററില്‍ രണ്ടാം ഓവര്‍ പന്തെറിയാനായി രോഹിത് പന്തേല്‍പ്പിച്ചത് മധ്വാളിനെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ നായകന്‍റെ വിശ്വാസം കാക്കാന്‍ മധ്വാളിനായി.