കേരളം

kerala

ETV Bharat / sports

IPL 2023| സൂപ്പര്‍ താരം മടങ്ങിയെത്തി; ഗുജറാത്തിനെതിരെ തലവര മാറ്റാന്‍ പഞ്ചാബ് കിങ്‌സ്

പരിക്ക് ഭേദമായി തിരികെയെത്തിയ ലിയാം ലിവിങ്‌സ്റ്റണ്‍ സിക്കന്ദര്‍ റാസയ്‌ക്ക് പകരക്കാരനായി ഇന്ന് പഞ്ചാബ് പ്ലെയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത.

By

Published : Apr 13, 2023, 2:51 PM IST

ipl  IPL 2023  liam livingston  punjab kings  പഞ്ചാബ് കിങ്‌സ്  ലിയാം ലിവിങ്‌സ്റ്റണ്‍  ഐപിഎല്‍  പഞ്ചാബ് ഗുജറാത്ത്
Liam Livingstone

മൊഹാലി:ഐപിഎല്‍ 16-ാം പതിപ്പിലെ നാലാം മത്സരത്തിനായി പഞ്ചാബ് കിങ്സ് ഇന്നാണ് ഇറങ്ങുന്നത്. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ശിഖര്‍ ധവാന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. മൊഹാലിയില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്.

ഇക്കൊല്ലം ഐപിഎല്ലില്‍ മികച്ച തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് പഞ്ചാബ്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഏഴ് റണ്‍സിന് തോല്‍പ്പിക്കാന്‍ അവര്‍ക്കായി. രണ്ടാം മത്സരത്തില്‍ രാജസ്ഥാനോടും ജയിച്ച അവര്‍ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയത്.

ആദ്യ മൂന്ന് മത്സരങ്ങളിലും നായകന്‍ ശിഖര്‍ ധവാന്‍ തന്നെയായിരുന്നു ടീമിന്‍റെ കരുത്ത്. ഓപ്പണര്‍ പ്രഭ്‌സിമ്രാനും നായകന് വേണ്ട പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ മികവിലേക്ക് ഉയരാത്ത മധ്യനിരയാണ് ടീമിന്‍റെ പ്രശ്‌നം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇക്കാര്യം വ്യക്തമായതാണ്. അന്ന് ശിഖര്‍ ധവാന്‍റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു പഞ്ചാബിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മത്സരശേഷം ടീമിലെ ബാറ്റര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നായകന്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ഇന്ന് ഗുജറാത്തിനെ നേരിടാനിറങ്ങുമ്പോള്‍ പഞ്ചാബിന്‍റെ മധ്യനിര എങ്ങനെ ആയിരിക്കും പ്രകടനം നടത്തുന്നത് എന്ന് ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അതേസമയം, ഇന്ന് ഇറങ്ങുമ്പോള്‍ പഞ്ചാബ് നിരയില്‍ പൊളിച്ചെഴുത്തിനും സാധ്യതയുണ്ട്.

ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്‌സ്റ്റണിന്‍റെ മടങ്ങി വരവ് ടീമിന് നിലവില്‍ ആശ്വാസമാണ്. പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് പഞ്ചാബ് ടീമിനൊപ്പം ചേര്‍ന്നത്. ഇന്ന് ഗുജറാത്തിനെ നേരിടാന്‍ പഞ്ചാബ് ഇറങ്ങുമ്പോള്‍ ലിവിങ്‌സ്റ്റണ്‍ ടീമിന്‍റെ മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ലിവിങ്‌സ്റ്റണ്‍ ടീമിലേക്ക് എത്തിയാല്‍ സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസയ്‌ക്കായിരിക്കും പഞ്ചാബ് ടീമില്‍ സ്ഥാനം നഷ്‌ടമാകുക. ആദ്യ മത്സരങ്ങളില്‍ കളത്തിലിറങ്ങിയ റാസയ്‌ക്ക് ഇതുവരെയും മികവിലേക്ക് ഉയരാനായിട്ടില്ല. ലിവിങ്‌സ്റ്റണ്‍ ഏത് പൊസിഷനിലായിരിക്കും ബാറ്റ് ചെയ്യാനെത്തുക എന്ന കാര്യത്തിലും ആരാധകര്‍ക്കിടയില്‍ ആകാംക്ഷയുണ്ട്.

കൂടാതെ കാഗിസോ റബാദയും ഇന്ന് പഞ്ചാബിനായി കളിക്കാനാണ് സാധ്യത. ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ഇംപാക്‌ട് പ്ലെയര്‍ ആയെങ്കിലും റബാദ ഇന്ന് കളത്തിലിറങ്ങും. വിദേശ താരങ്ങളായ സാം കറനും, നഥാന്‍ എല്ലിസും പഞ്ചാബ് നിരയില്‍ സ്ഥാനം ഉറപ്പിച്ചവരാണ്.

പഞ്ചാബ് കിങ്‌സ് സ്ക്വാഡ് :പ്രഭ്‌സിമ്രാൻ സിങ്‌, ശിഖർ ധവാൻ (ക്യാപ്റ്റന്‍), ജിതേഷ് ശർമ, ലിയാം ലിവിങ്‌സ്റ്റണ്‍, മാത്യു ഷോർട്ട്, ഭാനുക രജപക്‌സെ, സാം കറൻ, സിക്കന്ദർ റാസ, ഷാരൂഖ് ഖാൻ, രാജ് ബാവ, നഥാൻ എല്ലിസ്, അർഷ്‌ദീപ് സിങ്‌, ഋഷി ധവാൻ, അഥർവ ടൈഡെ, കാഗിസോ റബാദ, ബെൽതേജ് സിങ്‌, രാഹുൽ ചാഹർ, ശിവം സിങ്, ഹർപ്രീത് ബ്രാർ, വിദ്വർത് കവേരപ്പ, ഹർപ്രീത് ഭാട്ടിയ, മോഹിത് റാഥെ.

Also Read:IPL 2023 | വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബും ഗുജറാത്തും ; മൊഹാലിയില്‍ ഇന്ന് സൂപ്പര്‍ പോര്

ABOUT THE AUTHOR

...view details