കൊല്‍ക്കത്ത : ഐപിഎല്‍ 2023ല്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നിറങ്ങും. തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ വിജയപാതയിലെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് കൊല്‍ക്കത്ത ഇന്ന് നേരിടുക. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴരയ്‌ക്കാണ് പോരാട്ടം ആരംഭിക്കുന്നത്.
കരുത്ത് തെളിയിക്കാന്‍ കൊല്‍ക്കത്ത:തോല്‍വിയോടെ ടൂര്‍ണമെന്‍റിലെ യാത്ര തുടങ്ങിയ നൈറ്റ് റൈഡേഴ്‌സ് അവസാന രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ്. രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ശാര്‍ദുല്‍ താക്കൂറാണ് കൊല്‍ക്കത്തയ്‌ക്ക് ജയം സമ്മാനിച്ചതെങ്കില്‍, മൂന്നാം മത്സരത്തില്‍ റിങ്കു സിങ്ങായിരുന്നു വിജയശില്‍പ്പി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറില്‍ അഞ്ച് സിക്സര്‍ പറത്തിയായിരുന്നു റിങ്കു കൊല്‍ക്കത്തയ്‌ക്ക് രണ്ടാം ജയം നേടിക്കൊടുത്തത്.
പവര്‍ ഹിറ്റര്‍ ആന്ദ്രേ റസല്‍, നായകന്‍ നിതീഷ് റാണ എന്നിവരുടെ ഭാഗത്ത് നിന്നും വലിയ സംഭാവനകളൊന്നുമില്ലാതെ ആയിരുന്നു കൊല്‍ക്കത്ത അവസാന രണ്ട് മത്സരങ്ങളും ജയിച്ചുകയറിയത്. ഇത് അവര്‍ എത്രത്തോളം അപകടകാരികളാണെന്ന് വ്യക്തമാക്കുന്ന കാര്യമാണ്. നിലവില്‍ സെറ്റാകാത്ത ടോപ് ഓര്‍ഡറും പഴയ ഫോമിന്‍റെ നിഴലില്‍ കഴിയുന്ന ആന്ദ്രേ റസലിന്‍റെ ദയനീയ പ്രകടനവുമാണ് ടീം നേരിടുന്ന പ്രധാന തലവേദന.
ആദ്യ മൂന്ന് മത്സരങ്ങളിലും കെകെആര്‍ വ്യത്യസ്ത ഓപ്പണിങ് പെയറുകളെയാണ് കളത്തിലിറക്കിയത്. ഇന്ന് സണ്‍റൈസേഴ്‌സിനെതിരെയും ഇതേ പതിവ് തുടരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുള്ള ഗുര്‍ബാസിന് പകരം ജേസണ്‍ റോയ് കൊല്‍ക്കത്തയുടെ ഓപ്പണിങ് ബാറ്ററായി എത്തിയേക്കും. ഗുര്‍ബാസിനെ മാറ്റിയാല്‍, എന്‍ ജഗദീശനായിരിക്കും വിക്കറ്റ് കീപ്പര്‍ ഗ്ലൗ അണിയുക.
ജയം തുടരാന്‍ ഹൈദരാബാദ് :നായകന്‍ എയ്‌ഡന്‍ മാര്‍ക്രമിന്‍റെ മടങ്ങി വരവിന് പിന്നാലെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണില്‍ താളം കണ്ടെത്തിയത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അവര്‍ മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെയാണ് ആദ്യ ജയം സ്വന്തമാക്കിയത്. രാഹുല്‍ ത്രിപാഠി, മാര്‍ക്രം എന്നിവര്‍ റണ്‍സ് കണ്ടെത്തുന്നത് ഹൈദരാബാദിന് ആശ്വാസമാണ്.
പഞ്ചാബിനെതിരെ ഇരുവരുടെയും പ്രകടനമായിരുന്നു ഓറഞ്ച് ആര്‍മിക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്. അതേസമയം, മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക് എന്നിവര്‍ക്ക് മികവിലേക്ക് ഉയരാന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയാണ്. അവസാന മത്സരത്തില്‍ ബോളര്‍മാര്‍ താളം കണ്ടെത്തിയതും ഇന്ന് കൊല്‍ക്കത്തയെ നേരിടാനിറങ്ങുന്ന ഹൈദരാബാദിന് ആത്മവിശ്വാസം പകരുന്നതാണ്.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്‍റാണ് അവര്‍ക്കുള്ളത്. മൂന്ന് കളിയില്‍ ഒരെണ്ണം മാത്രം ജയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ട് പോയിന്‍റുമായി ടേബിളില്‍ 9-ാം സ്ഥാനത്താണ്.
ഐപിഎല്‍ ചരിത്രത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇതുവരെ 23 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 15 എണ്ണത്തില്‍ കൊല്‍ക്കത്ത ജയിച്ചപ്പോള്‍ 8 എണ്ണത്തിലാണ് ഹൈദരാബാദ് ജയം നേടിയത്.
മത്സരം തത്സമയം കാണാന്‍ :ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് മത്സരം സ്റ്റാര്‍സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും മത്സരം ഓണ്‍ലൈന്‍ വഴി കാണാനും സാധിക്കും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ക്വാഡ്: റഹ്മാനുള്ള ഗുർബാസ്, ജേസണ്‍ റോയ്, നിതീഷ് റാണ (ക്യാപ്‌റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, എന്‍ ജഗദീശന്‍, റിങ്കു സിങ്, ലിറ്റണ്‍ ദാസ്, മന്ദീപ് സിങ്, അനുകുല്‍ റോയ്, സുനില്‍ നരെയ്‌ന്‍, ശാര്‍ദുല്‍ താക്കൂര്‍ ടിം സൗത്തി, ഉമേഷ് യാദവ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, കുൽവന്ത് ഖെജ്‌റോലിയ, സുയഷ് ശര്‍മ, ഡേവിഡ് വീസ്, ലോക്കി ഫെര്‍ഗൂസണ്‍, ഹര്‍ഷിത് റാണ.
സൺറൈസേഴ്‌സ് ഹൈദരാബാദ് : രാഹുല്‍ ത്രിപാഠി, മായങ്ക് അഗര്‍വാള്‍, അബ്‌ദുല്‍ സമദ്, എയ്‌ഡന്‍ മാര്‍ക്രം (ക്യാപ്റ്റൻ), അഭിഷേക് ശര്‍മ, ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ്, ഹെൻറിച്ച് ക്ലാസന്‍, വാഷിങ്ടണ്‍ സുന്ദര്‍, അന്‍മോല്‍പ്രീത് സിങ്, സമര്‍ഥ് വ്യാസ്, മാര്‍കോ ജാന്‍സെന്‍, ഫസല്‍ഹഖ് ഫാറൂഖി, ഭുവനേശ്വര്‍ കുമാര്‍, അകെയ്ല്‍ ഹുസൈന്‍, ടി നടരാജന്‍, ആദില്‍ റഷീദ്, ഉമ്രാന്‍ മാലിക്, കാര്‍ത്തിക് ത്യാഗി, മായങ്ക് ദാഗർ, മായങ്ക് മര്‍കണ്ഡെ, സന്‍വീര്‍ സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, വിവ്രാന്ത് ശര്‍മ, ഉപേന്ദ്ര സിങ് യാദവ്.