കൊല്‍ക്കത്ത: തുടര്‍ തോല്‍വികളോടെയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇക്കുറി തങ്ങളുടെ ഐപിഎല്‍ യാത്ര ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനോടും രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് മുന്നിലുമാണ് അവര്‍ വീണത്. എന്നാല്‍ പിന്നീട് കളിച്ച രണ്ട് മത്സരങ്ങളിലും ജയം പിടിക്കാന്‍ അവര്‍ക്കായി.
മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ എട്ട് വിക്കറ്റിന്‍റെ ജയമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 23 റണ്‍സിനാണ് ഓറഞ്ച് ആര്‍മി വീഴ്‌ത്തിയത്. നിലവില്‍ നാല് പോയിന്‍റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് എയ്‌ഡന്‍ മാര്‍ക്രമും സംഘവും.
ഹാരി ബ്രൂക്ക് നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് നിര്‍ണായക ജയം സമ്മാനിച്ചത്. മത്സരത്തില്‍ 55 പന്ത് നേരിട്ട താരം പുറത്താകാതെ 100 റണ്‍സ് നേടിയിരുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു ബ്രൂക്കിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ഈഡന്‍ ഗാര്‍ഡന്‍സില്‍ പിറന്നത്.
മത്സരത്തിന് പിന്നാലെ, ഇംഗ്ലീഷ് ബാറ്ററില്‍ നിന്നും ഇതുപോലുള്ള വമ്പന്‍ പ്രകടനങ്ങളാണ് സണ്‍റൈസേഴ്‌സ് ടീം പ്രതീക്ഷിക്കുന്നതെന്ന് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. ബ്രൂക്കിന്‍റെ പ്രകടനത്തെ 'ടോപ് ക്ലാസ് ഇന്നിങ്സ്' എന്ന് വിശേഷിപ്പിച്ചായിരുന്നു ഭുവനേശ്വര്‍ കുമാറിന്‍റെ പ്രതികരണം.
'ഹാരി ബ്രൂക്കില്‍ നിന്നും ലഭിച്ചത് ഒരു ടോപ് ക്ലാസ് ഇന്നിങ്‌സാണ്. ഞങ്ങള്‍ക്ക് അവനില്‍ നിന്നും അത്തരത്തിലൊരു പ്രകടനം ആവശ്യമായിരുന്നു. അവൻ റണ്‍സ് കണ്ടെത്തി തുടങ്ങിയത് ടീമിനൊരു പ്ലസ് പോയിന്‍റാണ്.
ഏത് എതിരാളികള്‍ക്കെതിരെയും മികച്ച പ്രകടനം നടത്താന്‍ ബ്രൂക്കിന് സാധിക്കും. അതുകൊണ്ടാണ് അവനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാന്‍ ടീം തീരുമാനിച്ചത്' -ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. തന്‍റെ ആദ്യ ഓവറില്‍ കൊല്‍ക്കത്തയുടെ ക്യാപ്‌റ്റന്‍ നിതീഷ് റാണയ്‌ക്കെതിരെ 28 റണ്‍സ് വഴങ്ങിയ ഉമ്രാന്‍ മാലിക്കിന് വേണ്ട പിന്തുണ നല്‍കാന്‍ ടീം ശ്രദ്ധിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
'അവസാന ഓവര്‍ എറിയുന്നതിന് മുന്‍പ് ഉമ്രാന്‍ മാലിക്കിന് വേണ്ട പിന്തുണ നല്‍കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. മികച്ച രണ്ട് പന്തുകളോടെ തന്നെ അവന് ആ ഓവര്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ബോളര്‍മാര്‍ക്ക് എപ്പോഴും കാര്യങ്ങള്‍ എളുപ്പമാകണമെന്നില്ല.
ബാറ്റര്‍മാരെ തുണയ്‌ക്കുന്ന വിക്കറ്റായിരുന്നു ഇന്നത്തേത്. അതുകൊണ്ട് തന്നെ കൃത്യതയോടെ പന്തെറിഞ്ഞാല്‍ മാത്രമെ ബോളര്‍മാര്‍ക്ക് വിക്കറ്റ് സ്വന്തമാക്കി, ശക്തമായൊരു തിരിച്ചുവരവ് നടത്താനാകൂ' -ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 228 റണ്‍സ് നേടിയത്. ഹാരി ബ്രൂക്കിന്‍റെ കന്നി ഐപിഎല്‍ സെഞ്ച്വറി പിറന്ന മത്സരത്തില്‍ ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം 50 റണ്‍സ് നേടിയിരുന്നു. അഭിഷേക് ശര്‍മയും (32) സന്ദര്‍ശകര്‍ക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റിന് 205 റണ്‍സില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പോരാട്ടം അവസാനിച്ചു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്‌റ്റന്‍ നിതീഷ് റാണ (75), റിങ്കു സിങ് (58) നാരായണ്‍ ജഗദീശന്‍ (36) എന്നിവര്‍ക്ക് മാത്രമാണ് ആതിഥേയര്‍ക്കായി മികച്ച പ്രകടനം നടത്താനായത്. മായങ്ക് മാര്‍ക്കണ്ഡെ, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ ഹൈദരാബാദിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.
Also Read:IPL 2023 | റാണയിലും റിങ്കുവിലുമൊതുങ്ങി കൊൽക്കത്തയുടെ പോരാട്ടം; ഈഡനിൽ ഹൈദരാബാദിൻ്റെ ഉയർത്തെഴുനേൽപ്പ്