അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവിശ്വസനീയ വിജയം സമ്മാനിച്ചത് റിങ്കു സിങ്ങിന്‍റെ നാടകീയ ഫിനിഷിങ്ങാണ്. മത്സരത്തിന്‍റെ അവസാന ഓവറില്‍ വിജയത്തിനായി 29 റണ്‍സായിരുന്നു കൊല്‍ക്കത്തയ്‌ക്ക് വേണ്ടിയിരുന്നത്. പിന്നീട് പിറന്നത് ചരിത്രമായിരുന്നു.
ഗുജറാത്ത് പേസര്‍ യാഷ് ദയാല്‍ എറിഞ്ഞ ഓവറിന്‍റെ അവസാന അഞ്ച് പന്തുകളിലും സിക്‌സര്‍ പറത്തിയ റിങ്കു സിങ് കൊല്‍ക്കത്തയെ വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു. ഈ പ്രകടനത്തിന് ക്രിക്കറ്റ് ലോകം റിങ്കുവിനെ വാഴ്‌ത്തുകയാണ്. എന്നാല്‍ മത്സരത്തിന്‍റെ കമന്‍ററി പറഞ്ഞ ഇന്ത്യയുടെ മുന്‍ താരം രോഹന്‍ ഗവാസ്കറിന്‍റെ വാക്കുകള്‍ ഏറെ ചര്‍ച്ചയാവുകയാണ്.
മിന്നും പ്രകടനത്തിന് റിങ്കുവിന്‍റെ മികവിനെ അഭിനന്ദിക്കാതെ പന്തെറിഞ്ഞ യാഷ് ദയാലിനെ ക്രൂരമായി വിമര്‍ശിക്കുകയാണ് രോഹന്‍ ഗവാസ്‌കര്‍ ചെയ്‌തത്. യാഷ് ദയാലിന്‍റേത് തല്ലിപ്പൊളി ബോളിങ് ആയിരുന്നുവെന്നാണ് രോഹന്‍ ഗവാസ്‌കര്‍ ഓണ്‍-എയറില്‍ പറഞ്ഞത്. ബോളറുടെ മോശം പ്രകടനത്തെക്കുറിച്ച് പറയാതെ എല്ലാവരും ബാറ്ററായ റിങ്കു സിങ്ങിനെ അഭിനന്ദിക്കുകയാണ് ചെയ്യുന്നതെന്നും 47കാരന്‍ പറഞ്ഞിരുന്നു.
"ഇതുകൊണ്ടാണ് ഇത് ബോളര്‍മാരുടെ കളിയാണെന്ന് ഞാന്‍ പറയുന്നത്. തീര്‍ത്തും തല്ലിപ്പൊളി ബോളിങ്ങായിരുന്നു അവന്‍റേത്. പക്ഷേ നമ്മളെല്ലാവരും റിങ്കുവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവന്‍ ഏറെ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തുവെന്നും പറയുന്നു.
ഒരു ബാറ്റര്‍ ഒരു ബോളില്‍ ഒരു റണ്‍സ് എന്ന നിലയിലോ 120 സ്ട്രൈക്ക് റേറ്റിലോ കളിക്കുകയാണെങ്കില്‍ അവനെ വിമർശിക്കുകയാണെന്ന് ഞങ്ങൾ ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇവിടെ ഒരു ബോളര്‍ 31 റണ്‍സ് വഴങ്ങിയിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ അതിന് റിങ്കു സിങ്ങിനെയാണ് അഭിനന്ദിക്കുന്നത്" - എന്നായിരുന്നു ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിന്‍റെ മകന്‍ കൂടിയായ രോഹന്‍ ഗവാസ്‌കര്‍ പറഞ്ഞത്.
ഈ വാക്കുകളുടെ പേരില്‍ ഇപ്പോള്‍ സ്വയം എയറിലായിരിക്കുകയാണ് 47കാരനായ രോഹന്‍. തന്‍റെ വാക്കുകളാല്‍ ഒരു ചരിത്ര നിമിഷത്തെ ജൂനിയര്‍ ഗവാസ്‌കര്‍ നശിപ്പിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഈ പ്രത്യേക നിമിഷത്തിൽ ഗവാസ്‌കര്‍ക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ലേയെന്നും അവര്‍ ചോദിക്കുന്നു. രോഹന്‍ ഗവാസ്‌കര്‍ കമന്‍ററി പറയുന്നത് മതിയാക്കുന്നതാണ് ഉചിതമെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേസയമം മത്സരത്തില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയമായിരുന്നു കൊല്‍ക്കത്ത ഗുജറാത്തിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
ALSO READ: IPL 2023 | 'അന്ന് ഞാൻ പഠിക്കാൻ പറഞ്ഞു, അവൻ ക്രിക്കറ്റ് കളിച്ചു': ഇന്ത്യൻ കുപ്പായത്തില്‍ കളിക്കുന്നത് കാണാൻ ആഗ്രഹമെന്ന് റിങ്കുവിന്‍റെ പിതാവ്
40 പന്തില്‍ 83 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരായിരുന്നു കൊല്‍ക്കത്തയുടെ വിജയത്തിന് അടിത്തറ പാകിയത്. 21 പന്തില്‍ 48 റണ്‍സാണ് റിങ്കു നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ അവസാന ഓവറില്‍ ഒരു ടീം അടിച്ചെടുത്ത ഏറ്റവും വലിയ ലക്ഷ്യമാണ് കൊല്‍ക്കത്ത മറികടന്ന 29 റണ്‍സ്. പഞ്ചാബ് കിങ്‌സിനെതിരെ 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്‍റ്‌സ് നേടിയ 23 റണ്‍സിന്‍റെ വിജയമായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് നേടിയ 22 റണ്‍സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.