മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിലെ 16-ാം സീസണില്‍ പ്ലേ- ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാവാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് കഴിഞ്ഞിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മിന്നും വിജയത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് മുന്നേറ്റം ഉറപ്പിച്ചത്. ഹൈദരാബാദിനെതിരെ ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം പുലര്‍ത്തിക്കൊണ്ടായിരുന്നു ഗുജറാത്ത് കളി പിടിച്ചത്.
ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ നാല് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും ടീമിന് മുതല്‍ക്കൂട്ടായി. 58 പന്തിൽ 13 ബൗണ്ടറികളും ഒരു സിക്‌സുമടക്കം 101 റൺസായിരുന്നു ശുഭ്‌മാൻ ഗില്‍ നേടിയത്. താരത്തിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറിയാണിത്.
എന്നാല്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഗുജറാത്ത് നായകന് ആറ് പന്തുകളില്‍ വെറും എട്ട് റണ്‍സ് മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ ഹാര്‍ദിക്കിന്‍റെ ബാറ്റിങ്ങില്‍ ആശങ്ക ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തുന്ന ഹാര്‍ദിക് തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഗുജറാത്ത് ടൈറ്റന്‍സിനെ അല്‍പം പ്രതിരോധത്തിലാക്കുന്നുണ്ടെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞിരിക്കുന്നത്. സീസണില്‍ ബാറ്റുകൊണ്ട് വേണ്ടത്ര മികവ് പുലര്‍ത്താന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.
"ഗുജറാത്ത് ടൈറ്റൻസ് മൂന്നാം നമ്പര്‍ ബാറ്റിങ്ങില്‍ പ്രശ്‌നം നേരിടുന്നുണ്ട്. തന്‍റെ ബാറ്റുകൊണ്ട് ഈ വർഷം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ഹാർദിക്കിന് കഴിഞ്ഞില്ല. മൂന്നാം നമ്പറിലെത്തി ആക്രമിച്ച് കളിക്കാന്‍ ഹാര്‍ദിക്കിന് കഴിയുന്നില്ലെങ്കില്‍, ആരെയാണ് ഈ സ്ഥാനത്ത് കളിപ്പിക്കേണ്ടതെന്ന തീരുമാനം ടീം മാനേജ്മെന്റിന് ബുദ്ധിമുട്ടായിരിക്കും", ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിലാണ് ഇര്‍ഫാന്‍ പഠാന്‍റെ വാക്കുകള്‍.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ കളിച്ച 12 മത്സരങ്ങളിൽ നിന്നും 289 റണ്‍സാണ് ഹാര്‍ദിക്കിന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. 28.90 ശരാശരിയിലും 130.77 പ്രഹര ശേഷിയിലുമാണ് താരത്തിന്‍റെ പ്രകടനം. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തില്‍ ഏറെ പന്തുകൾ നേരിട്ട് പുറത്താവാതെ നിന്നിട്ടും ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 131 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 125 റണ്‍സാണ് നേടാന്‍ സാധിച്ചത്. 53 പന്തുകളില്‍ നിന്നും 59* റൺസായിരുന്നു ഹാര്‍ദിക് നേടിയത്.
അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 34 റണ്‍സിന്‍റെ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഉയര്‍ത്തിയ 188 റണ്‍സിന് മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 154 റൺസേ നേടാനായുള്ളു.
ALSO READ: 'മരണത്തിന് മുമ്പ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത് രണ്ട് ദൃശ്യങ്ങള്‍, അതില്‍ കപിലും ധോണിയുമുണ്ട്..'; വികാരഭരിതനായി സുനില്‍ ഗവാസ്‌കര്‍