ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം പതിപ്പിലെ ഉദ്‌ഘാടന മത്സരം നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍. ഏപ്രില്‍ ഒമ്പതിന് രാത്രി 7.30ന് ചെന്നൈയിലാണ് മത്സരം. മെയ് 30 വരെ 52 ദിവസങ്ങളിലായി നടക്കുന്ന ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ആറ് വേദികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഫൈനല്‍ പോരാട്ടം അഹമ്മദാബാദിലെ മൊട്ടര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മൊട്ടേരയെ കൂടാതെ ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയും മുംബൈയും കൊല്‍ക്കത്തയും ഐപിഎല്ലിന് വേദിയാകും. ലീഗ് തലത്തില്‍ ഓരോ ടീമിനും നാല് വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്. എല്ലാ മത്സരങ്ങളും ന്യൂട്രല്‍ വേദികളിലാണ് നടക്കുക.