മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയം ത്രസിപ്പിക്കുന്നതായിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ തോല്‍വിയെ മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ നായകനായി സഞ്‌ജു സാംസണ്‍ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ വെടിക്കെട്ടുമായി ഷിമ്രോൺ ഹെറ്റ്‌മെയർ രാജസ്ഥാന്‍റെ സൂപ്പര്‍ ഫിനിഷറാവുകയായിരുന്നു.
ഏറെ സമ്മര്‍ദം നിറഞ്ഞ ഘട്ടത്തില്‍ 32 പന്തില്‍ മൂന്ന് ഫോറുകളും ആറ് സിക്‌സും സഹിതം 60 റണ്‍സായിരുന്നു സഞ്‌ജു അടിച്ച് കൂട്ടിയത്. 26 പന്തിൽ രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളും സഹിതം പുറത്താകാതെ 56 റൺസായിരുന്നു ഹെറ്റ്‌മെയർ നേടിയത്. സഞ്‌ജു അടിത്തറയൊരുക്കിയില്ലെങ്കില്‍ സൂപ്പര്‍ ഫിനിഷറാവാന്‍ ഹെറ്റ്‌മെയർക്ക് കഴിയുമായിരുന്നില്ലെന്ന് തന്നെയാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം വിശ്വസിക്കുന്നത്.
സഞ്‌ജുവിന്‍റെ ഈ പ്രകടനത്തിന് പിന്നാലെ താരത്തെ ദേശീയ ടീമില്‍ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാല്‍ സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ ചേര്‍ന്ന് സെലക്‌ടര്‍മാര്‍ക്ക് ഒരു ശക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് പ്രശസ്‌ത കമന്‍റേറ്ററും ക്രിക്കറ്റ് പണ്ഡിതനുമായ ഹർഷ ഭോഗ്‌ലെ.
"ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജു സാംസണെ ഞാന്‍ എല്ലാ ദിവസവും കളിപ്പിക്കും" എന്നാണ് ഹർഷ ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബാറ്റര്‍മാരില്‍ ഒരാളാണെങ്കിലും ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ 28കാരനായ സഞ്‌ജു സാംസണ് കഴിഞ്ഞിട്ടില്ല.
ലഭിച്ച ചുരുക്കം ചില അവസരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിന് അകത്തും പുറത്തുമായി താരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഹർഷ ഭോഗ്‌ലെ സഞ്‌ജുവിനെ പിന്തുണച്ചിരിക്കുന്നത്. അതേസമയം ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പിലെ കിരീട നേട്ടത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ വീണ്ടുമൊരിക്കല്‍ കൂടി ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലേക്ക് നയിച്ച നായകനാണ് സഞ്ജു.