കേരളം

kerala

ETV Bharat / sports

IPL 2023 | ഗില്ലിന്‍റെ തൂക്കിയടിയില്‍ 'പഞ്ചാബ് നിഷ്‌പ്രഭം'; ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ വിജയം - മൊഹാലി

പഞ്ചാബിൻ്റെ 154 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു.

Gujarat titans wins against Punjab Kings  Gujarat titans  Punjab Kings  ഗില്ലിന്‍റെ തൂക്കിയടിയില്‍ പഞ്ചാബ് നിഷ്‌പ്രഭം  ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ വിജയം  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  പഞ്ചാബ്‌ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും  ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്  ഗുജറാത്ത്  മൊഹാലി  പഞ്ചാബ്
ഗില്ലിന്‍റെ തൂക്കിയടിയില്‍ 'പഞ്ചാബ് നിഷ്‌പ്രഭം'; ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ വിജയം

By

Published : Apr 13, 2023, 11:28 PM IST

Updated : Apr 13, 2023, 11:39 PM IST

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തത്തുല്യര്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ അനായാസവിജയം കൈപ്പിടിയിലാക്കി ഗുജറാത്ത് ടൈറ്റന്‍സ്. പഞ്ചാബ്‌ കിങ്‌സ് ഉയര്‍ത്തിയ 154 റണ്‍സ് വിജയ ലക്ഷ്യം ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു. 67 റൺസുമായി ഉറച്ചുനിന്ന ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്‍റെ വിജയശില്‍പി.

ടോസ് മുതല്‍ തന്നെ ജയിച്ച് ഗുജറാത്ത്:ടോസ് നേടി പഞ്ചാബിനെ ബാറ്റിങിനയച്ച ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയുടെ ആദ്യ തീരുമാനം തന്നെ മികച്ചതാണെന്ന് തോന്നിക്കുന്നതായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. പവര്‍പ്ലേയില്‍ തന്നെ ഓപ്പണര്‍മാരെ മടക്കി ഗുജറാത്ത് കരുത്ത് കാണിച്ചപ്പോള്‍ പിന്നീട് ക്രീസിലെത്തിയ പഞ്ചാബ് നിര ചെറിയ സംഭാവനകള്‍ മാത്രം ടീം സ്‌കോര്‍ കാര്‍ഡിലേക്ക് എഴുതിച്ചേര്‍ത്ത് തിരികെ കയറുകയായിരുന്നു.

ഗുജറാത്ത് 'ഷോ':പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് എന്നത് തങ്ങളെ സംബന്ധിച്ച് വളരെ കുറഞ്ഞ മാര്‍ജിനാണെന്ന തരത്തിലായിരുന്നു ഗുജറാത്തിന്‍റെ മറുപടി ബാറ്റിങ്. ഓപ്പണര്‍മാരായി കളത്തിലെത്തിയ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ടീമിന് മികച്ച തുടക്കം തന്നെ നല്‍കി. പവര്‍പ്ലേ ഒരു പവര്‍ ഷോ ആക്കി മാറ്റാനും ഇരുവരും മറന്നില്ല.

ആദ്യ പന്ത് മുതല്‍ തന്നെ തകര്‍ത്ത് ബാറ്റുവീശിയ ഗുജറാത്തിന് നാലാമത്തെ ഓവറില്‍ വൃദ്ധിമാന്‍ സാഹയെ നഷ്‌ടമായി. എന്നാല്‍ നേരിട്ട 19 പന്തില്‍ അഞ്ച് ബൗണ്ടറികളുമായി 30 റണ്‍സ് നേടിയാണ് സാഹ മടങ്ങിയത്. കാഗിസോ റബാഡയുടെ പന്തില്‍ മാത്യു ഷോര്‍ട്ടിന്‍റെ ക്യാച്ച് നല്‍കിയായിരുന്നു സാഹയുടെ മടക്കം.

പിന്നാലെയെത്തിയ സായ് സുദര്‍ശന്‍ ശുഭ്‌മാന്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കി. എന്നാല്‍ സായ് സുദര്‍ശന്‍റെ റണ്‍വേട്ട 11 ആം ഓവറില്‍ അര്‍ഷദീപ് സിങിന്‍റെ പന്തില്‍ പ്രഭ്‌സിമ്രാന്‍റെ കൈകളില്‍ അവസാനിച്ചു. 20 പന്തുകളില്‍ 19 റണ്‍സായിരുന്നു സുദര്‍ശന്‍റെ സമ്പാദ്യം. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ഡേവിഡ് മില്ലറും ശുഭ്‌മാന്‍ ഗില്ലും ചേർന്ന് ഗുജറാത്തിനെ വിജയലക്ഷ്യത്തിനരികിൽ എത്തിച്ചു.

ഇതോടെ അവസാന ഓവറിൽ ഗുജറാത്തിൻ്റെ വിജയലക്ഷ്യം ഏഴ് റൺസായി ചുരുങ്ങി. ആദ്യ ബോളിൽ മില്ലർ സിംഗിൾ നേടി. എന്നാൽ രണ്ടാം പന്തിൽ തന്നെ മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന ഗില്ലിനെ മടക്കി സാം കറൻ ഗുജറാത്തിനെ ഞെട്ടിച്ചു. പുറത്താകുമ്പോൾ 49 പന്തിൽ 67 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം.

തുടർന്നുള്ള രണ്ട് പന്തുകളിൽ രണ്ട് റൺസ് മാത്രമാണ് കറൻ നൽകിയത്. ഇതോടെ ഗുജറാത്തിൻ്റെ വിജയ ലക്ഷ്യം രണ്ട് പന്തിൽ നാല് റൺസായി. എന്നാൽ അഞ്ചാം പന്ത് ബൗണ്ടറി കടത്തി രാഹുൽ തെവാട്ടിയ ഗുജറാത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ്, കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ, സാം കറൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴത്തി.

അടിതെറ്റി പഞ്ചാബ് നിര:ടോസ്‌ നഷ്‌ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബ് കിങ്‌സിന് ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ ഓപ്പണറായ പ്രഭ്‌സിമ്രാന്‍ സിങിനെ നഷ്‌ടമായതോടെ തന്നെ അടിതെറ്റി. തുടര്‍ന്ന് ഏത് പ്രതിസന്ധി ഘട്ടത്തിലും നായകനായി നെഞ്ചുവിരിച്ചു നില്‍ക്കാറുള്ള ശിഖര്‍ ധവാനും പവര്‍പ്ലേ മുഴുവനാക്കാതെ മടങ്ങിയതോടെ ടീമിന്‍റെ താളം തെറ്റി. അര്‍ധ സെഞ്ചുറികളും നിര്‍ണായക ഇന്നിംഗ്‌സുകളുമായി സീസണില്‍ ഇതുവരെ തിളങ്ങി നിന്ന ധവാന്‍, ജോഷ്വ ലിറ്റിലിന്‍റെ പന്തില്‍ അല്‍സാരി ജോസഫിന്‍റെ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. മത്സരത്തില്‍ എട്ട് പന്തുകളില്‍ നിന്ന് എട്ട് റണ്‍സ് മാത്രമേ അദ്ദേഹത്തിന് സ്‌കോര്‍ കാര്‍ഡില്‍ എഴുതിച്ചേര്‍ക്കാനായുള്ളു.

പിന്നാലെ ക്രീസിലെത്തിയ മാത്യു ഷോര്‍ട്ടും ഭാനുക രജപക്‌സെയും പഞ്ചാബിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ ആറാമത്തെ ഓവറിലെ നാലാം പന്തില്‍ റാഷിദ് ഖാന് മുന്നില്‍ ഷോര്‍ട്ടും വീണു. ഇതോടെ ഒരു സിക്‌സും ആറ് ബൗണ്ടറികളുമായി കളം നിറഞ്ഞുനിന്ന ഷോര്‍ട്ടിന് തിരിച്ചുകയറേണ്ടി വന്നു. പിറകെയെത്തിയ ജിതേഷ് ശര്‍മ 23 പന്തുകളില്‍ നിന്ന് 25 റണ്‍സ് നേടി മടങ്ങുമ്പോള്‍ 4 വിക്കറ്റ് നഷ്‌ടത്തിൽ 92 റണ്‍സ് എന്ന നിലയിലാരുന്നു പഞ്ചാബ് കിങ്സ്.

തൊട്ടടുത്തതായി കളത്തിലിറങ്ങിയ സാം കറന്‍ ഭാനുക രജപക്‌സെയ്‌ക്ക് മികച്ച പിന്തുണ നല്‍കിയതോടെ പഞ്ചാബ് കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചേക്കുമെന്ന് ആരാധകര്‍ പോലും പ്രതീക്ഷിച്ചു. എന്നാല്‍ രജപക്‌സെയെ ശുഭ്‌മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച് അല്‍സാരി ജോസഫ് പഞ്ചാബിന്‍റെ മോഹങ്ങള്‍ക്ക് മേല്‍ നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ 26 പന്തില്‍ 20 റണ്‍സ് മാത്രം ടീം സ്‌കോര്‍കാര്‍ഡിലേക്ക് എഴുതിച്ചേര്‍ത്ത് രജപക്‌സെയും തിരിച്ചുകയറി.

പിന്നാലെയെത്തിയ ഷാറൂഖ് ഖാന്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി മത്സരം നിര്‍ത്തിയിടത്ത് നിന്നും പുനരാരംഭിക്കുന്നുവെന്ന പ്രതീതി നല്‍കിയെങ്കിലും അതിനും അല്‍പ്പായുസായിരുന്നു. 18-ാം ഓവറിലെ മോഹിത് ശര്‍മയുടെ ആദ്യപന്തില്‍ സാം കറന്‍ കൂടി മടങ്ങിയതോടെ പഞ്ചാബ് പിന്നീട് ശ്രദ്ധിച്ചത് മത്സരം ഭേദപ്പെട്ട സ്‌കോറില്‍ അവസാനിപ്പിക്കുന്നതിനായിരുന്നു.

ഇതിന്‍റെ പ്രതിഫലനം ബാറ്റിങ്ങില്‍ കണ്ടപ്പോള്‍ 19-ാം ഓവറിലെ നാലാം പന്തില്‍ ഷാറൂഖും അവസാന പന്തില്‍ റിഷി ധവാനും മടങ്ങി. ഇതോടെ പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സിന് മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ രണ്ടും, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

Last Updated : Apr 13, 2023, 11:39 PM IST

ABOUT THE AUTHOR

...view details