അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് മുന്നില്‍ ഹിമാലയന്‍ ലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 227 റണ്‍സാണ് അടിച്ച് കൂട്ടിയത്. വെടിക്കെട്ടുമായി കളം നിറഞ്ഞ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്നാണ് ഗുജറാത്തിനെ വമ്പന്‍ നിലയിലേക്ക് നയിച്ചത്.
പുറത്താവാതെ 51 പന്തില്‍ 94 റണ്‍സ് അടിച്ചെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും ഏഴ് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. 44 പന്തില്‍ 82 റണ്‍സാണ് സാഹ അടിച്ചെടുത്തത്. വെടിക്കെട്ട് തുടക്കമായിരുന്നു ഗുജറാത്തിന് ലഭിച്ചത്.
വമ്പനടികളുമായി സാഹ കളം നിറയുകയും ശുഭ്‌മാന്‍ ഗില്‍ പിന്തുണ നല്‍കുകയും ചെയ്‌തതോടെ നാല് ഓവറില്‍ തന്നെ ഗുജറാത്ത് 50 കടന്നിരുന്നു. പവര്‍പ്ലേയുടെ ആദ്യ പന്തില്‍ തന്നെ സാഹ അര്‍ധ സെഞ്ചുറി തികച്ചതോടെ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 78 റണ്‍സാണ് ഗുജറാത്തിന് നേടാന്‍ കഴിഞ്ഞത്.
20 പന്തുകളില്‍ നിന്നാണ് സാഹ അന്‍പത് കടന്നത്. സീസണില്‍ ഗുജറാത്ത് പവര്‍പ്ലേയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പിന്നാലെ ഗില്ലും ആക്രമണത്തിലേക്ക് മാറിയതോടെ ഒമ്പതാം ഓവര്‍ പിന്നിടുമ്പോള്‍ 115 റണ്‍സാണ് ടീമിന്‍റെ ടോട്ടലിലെത്തിയത്. തുടര്‍ന്ന് 29 പന്തുകളില്‍ നിന്നും ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി തികച്ചു.