അഹമ്മദാബാദ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ റാഷിദ് ഖാനാണ് ഇന്ന് ഗുജറാത്തിനെ നയിക്കുന്നത്.
നേരിയ അസുഖമുള്ളതിനാലാണ് ഹാര്‍ദിക് കളിക്കാതിരിക്കുന്നതെന്ന് റാഷിദ് ഖാന്‍ വ്യക്തമാക്കി. ഹാര്‍ദിക്കിന് പകരം വിജയ് ശങ്കറാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്. മികച്ച വിക്കറ്റായി തോന്നുന്നുവെന്നും നല്ല ടോട്ടല്‍ നേടി പ്രതിരോധിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമായതിനാല്‍ തങ്ങളും ആദ്യം ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസണാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്. മൻദീപ് സിങ് പുറത്തായപ്പോള്‍ എന്‍ ജഗദീശനാണ് ടീമിലെത്തിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിംഗ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), എൻ ജഗദീശൻ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, സുയാഷ് ശർമ, ലോക്കി ഫെർഗൂസൺ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, അഭിനവ് മനോഹർ, റാഷിദ് ഖാൻ(ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ.