കേരളം

kerala

ETV Bharat / sports

IPL 2023 | റിങ്കു മാജിക്ക്; ഗുജറാത്തിനെതിരെ ത്രില്ലര്‍ വിജയം നേടി കൊല്‍ക്കത്ത - റിങ്കു സിങ്

അവസാന ഓവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സുകള്‍ പറത്തിയാണ് റിങ്കു സിങ് കൊല്‍ക്കത്തയുടെ വിജയം ഉറപ്പിച്ചത്.

IPL 2023  IPL  gujarat titans vs kolkata knight riders highlights  gujarat titans  kolkata knight riders  Rinku singh  venkatesh iyer  ഐപിഎല്‍ 2023  ഐപിഎല്‍  ഗുജറാത്ത് ടൈറ്റന്‍സ്  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  റിങ്കു സിങ്  വെങ്കടേഷ് അയ്യര്‍
റിങ്കു മാജിക്ക്; ഗുജറാത്തിനെതിരെ ത്രില്ലര്‍ വിജയം നേടി കൊല്‍ക്കത്ത

By

Published : Apr 9, 2023, 8:04 PM IST

അഹമ്മദാബാദ്: ഐപിഎല്ലിലെ ആവേശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഗുജറാത്തിന്‍റെ തട്ടകമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നാണ് കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന്‍റെ ജയം പിടിച്ചത്. അവസാന ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പറത്തിയ റിങ്കു സിങ്ങാണ് സന്ദര്‍ശകരെ വിജയ തീരത്ത് എത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 204 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ്‌ വിക്കറ്റിന് 207 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 40 പന്തില്‍ എട്ട് ഫോറുകളും അഞ്ച് സിക്‌സും സഹിതം 83 റണ്‍സ് അടിച്ചെടുത്ത വെങ്കടേഷ് അയ്യരാണ് സംഘത്തിന്‍റെ വിജയത്തിന് അടിത്തറയൊരുക്കിയത്. റിങ്കു സിങ് പുറത്താവാതെ 21 പന്തില്‍ ആറ് സിക്‌സും ഒരു ഫോറും സഹിതം 48 റണ്‍സാണ് അടിച്ച് കൂട്ടിയത്.

വലിയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നു. നാലാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 28 റണ്‍സായിരുന്നു സംഘത്തിന് നേടാന്‍ കഴിഞ്ഞത്. ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (12 പന്തില്‍ 15), എന്‍ ജഗദീശന്‍ (8 പന്തില്‍ 6) എന്നിവരാണ് വന്നപാടെ മടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച വെങ്കടേഷും ക്യാപ്റ്റന്‍ നിതീഷ് റാണയും സംഘത്തെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്.

എന്നാല്‍ 14-ാം ഓവറിന്‍റെ ആദ്യ പന്തില്‍ നിതീഷ് റാണയെ പുറത്താക്കി അല്‍സാരി ജോസഫ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കി. 29 പന്തില്‍ 45 റണ്‍സായിരുന്നു കൊല്‍ക്കത്ത ക്യാപ്റ്റന്‍ നേടിയത്. വൈകാതെ വെങ്കടേഷും മടങ്ങിയതോടെ കൊല്‍ക്കത്ത 15.5 ഓവറില്‍ നാലിന് 154 റണ്‍സ് എന്ന നിലയിലായി. തുടര്‍ന്നെത്തിയ റിങ്കു സിങ് ഒരറ്റത്ത് നിന്നെങ്കിലും ആന്ദ്രേ റസ്സല്‍ (1), സുനില്‍ നരെയ്ന്‍ (0), ശാര്‍ദുല്‍ താക്കൂര്‍ (0) എന്നിവരെ ഇരകളാക്കി റാഷിദ് ഖാന്‍ ഹാട്രിക് നേടിയതോടെ കൊല്‍ക്കത്ത 16.3 ഓവറില്‍ ഏഴിന് 155 എന്ന നിലയിലേക്ക് തകര്‍ന്നു.

പിന്നീട് ഉമേഷ് യാദവിനെ കൂട്ടുപിടിച്ചാണ് റിങ്കു കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു കൊല്‍ക്കത്തയ്‌ക്ക് വിജയത്തിനായി വേണ്ടിയിരുന്നത്. പേസര്‍ യാഷ് ദയാലിനെയായിരുന്നു ഗുജറാത്ത് ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ പന്തേല്‍പ്പിച്ചത്. ദയാലിന്‍റെ ആദ്യ പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ഉമേഷ് യാദവ് (6 പന്തില്‍ 5) സിംഗിളെടുത്തു.

തുടര്‍ന്ന് നേരിട്ട അഞ്ച് പന്തുകളും സിക്‌സറിന് പറത്തിയ റിങ്കു കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ വിജയം സമ്മാനിക്കുകയായിരുന്നു. കൊല്‍ക്കത്തയ്‌ക്കായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അല്‍സാരി ജോസഫ് രണ്ടും ജോഷ്വ ലിറ്റില്‍ മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിനെ വിജയ് ശങ്കര്‍, സായ് സുദര്‍ശന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 24 പന്തില്‍ 63 റണ്‍സ് നേടിയ വിജയ്‌ ശങ്കര്‍ പുറത്താവാതെ നിന്നപ്പോള്‍ 38 പന്തില്‍ 53 റണ്‍സാണ് സായ്‌ സുദര്‍ശന്‍ നേടിയത്. ശുഭ്‌മാന്‍ ഗില്‍ 31 പന്തില്‍ 39 റണ്‍സെടുത്തു. കൊല്‍ക്കത്തയ്‌ക്കായി സുനില്‍ നരെയ്‌ന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ സുയാഷ് ശര്‍മ ഒരു വിക്കറ്റും നേടി.

ALSO READ: കോലിയും സഞ്‌ജുവും പിന്നില്‍; ഐപിഎല്ലില്‍ തകര്‍പ്പന്‍ റെക്കോഡുമായി ശുഭ്‌മാന്‍ ഗില്‍

ABOUT THE AUTHOR

...view details