കേരളം

kerala

ETV Bharat / sports

"ആ 'പ്രണയം' ഇപ്പോള്‍ വിവാഹത്തിലെത്തി"; ശുഭ്‌മാന്‍ ഗില്ലും അഹമ്മദാബാദും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിരേന്ദർ സെവാഗ് - Shubman Gill record

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചുറി നേടിയ ശുഭ്‌മാന്‍ ഗില്ലിനെ അഭിനന്ദിച്ച് വിരേന്ദർ സെവാഗ്.

IPL  gujarat titans  Shubman Gill  Virender Sehwag on Shubman Gill  Virender Sehwag  IPL 2023  sunrisers hyderabad  GT vs SRH  Shubman Gill century  ശുഭ്‌മാന്‍ ഗില്‍  വിരേന്ദർ സെവാഗ്  ഗുജറാത്ത് ടൈറ്റന്‍സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  Shubman Gill record  ശുബ്‌മാന്‍ ഗില്‍ റെക്കോഡ്
ശുഭ്‌മാന്‍ ഗില്ലും അഹമ്മദാബാദും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിരേന്ദർ സെവാഗ്

By

Published : May 17, 2023, 7:03 PM IST

മുംബൈ: യുവതാരം ശുഭ്‌മാന്‍ ഗില്ലിന്‍റെ കരിയറില്‍ ഏറെ നിര്‍ണായകമായൊരു വര്‍ഷമാണിത്. നേരത്തെ ഇന്ത്യയ്‌ക്കായും നിലവില്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായും റണ്‍സടിച്ച് കൂട്ടുകയാണ് 23-കാരനായ ഗില്‍. വ്യത്യസ്‌ത തരം ട്രാക്കുകളില്‍ സ്ഥിരതയോടെയാണ് ഗില്‍ റണ്‍സ് കണ്ടെത്തുന്നത്.

എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ താരത്തിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഈ വർഷം ഫെബ്രുവരിയിൽ, ന്യൂസിലൻഡിനെതിരെ അഹമ്മദാബാദിലാണ് ഗില്‍ ടി20യില്‍ തന്‍റെ കന്നി സെഞ്ചുറി നേടിയത്. മാര്‍ച്ചില്‍ ഇതേ വേദിയില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ടെസ്റ്റ് സെഞ്ചുറിയും താരം അടിച്ചെടുത്തു. താരത്തിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറി പിറന്നതും ഇതേ ഗ്രൗണ്ടിലാണ്.

കഴിഞ്ഞ തിങ്കളാഴ്‌ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനായി 58 പന്തിൽ 101 റൺസായിരുന്നു ശുഭ്‌മാന്‍ ഗില്‍ അടിച്ച് കൂട്ടിയത്. മറ്റ് ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയായിരുന്നു ഗില്ലിന്‍റെ റണ്‍വേട്ട. താരത്തിന്‍റെ ഈ പ്രകടനം ഇന്ത്യയുടെ മുന്‍ ഓപ്പണർ വിരേന്ദർ സെവാഗില്‍ മതിപ്പുളവാക്കിയിരിക്കുകയാണ്.

അഹമ്മദാബാദും ശുഭ്‌മാന്‍ ഗില്ലും തമ്മില്‍ ഏറെ സ്‌നേഹത്തിലാണെന്നാണ് വിരേന്ദർ സെവാഗ് പറയുന്നത്. ആ ബന്ധം ഇപ്പോള്‍ വിവാഹത്തില്‍ എത്തിയതായും സെവാഗ് അഭിപ്രായപ്പെട്ടു. "ശുഭ്‌മാൻ ഗില്ലും അഹമ്മദാബാദും തമ്മിലുള്ള പ്രണയകഥയിൽ ചേർത്ത ഏറ്റവും വലിയ അദ്ധ്യായം അതായിരുന്നു.

ഇപ്പോഴിത് ഒരു വിവാഹമാണെന്നാണ് ഞാൻ പറയുക. പ്രണയകഥ വിവാഹമായി മാറിയിരിക്കുന്നു. തികച്ചും വ്യത്യസ്‌തമായ ഒരു പ്രതലത്തിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നത് പോലെ തോന്നി. ബൗണ്ടറികൾ അനായാസം സ്കോർ ചെയ്യുകയായിരുന്നു.

എന്നാൽ മറ്റെല്ലാ ബാറ്റർമാരും പ്രയാസപ്പെടുകയായിരുന്നു", സെവാഗ് പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ ഗില്ലിന്‍റെ ബാറ്റിങ് വിശകലനം ചെയ്യവെയാണ് സെവാഗിന്‍റെ വാക്കുകള്‍.

ഐപിഎല്ലിലും സെഞ്ചുറി നേടിയതോടെ ഇതേവരെ മറ്റാര്‍ക്കും നേടാന്‍ കഴിയാതിരുന്ന ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരില്‍ ചേര്‍ക്കാനും ഗില്ലിന് കഴിഞ്ഞു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റിലും ഐപിഎല്ലിലും സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ഗില്‍ സ്വന്തമാക്കിയത്. ഏകദിനത്തിൽ ഇരട്ട സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ തന്‍റെ പേരും ചേര്‍ത്തായിരുന്നു ശുഭ്‌മാന്‍ ഗില്‍ ഈ വര്‍ഷം ആരംഭിച്ചത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 34 റണ്‍സിന്‍റെ വിജയം നേടിക്കൊണ്ട് സീസണില്‍ ഐപിഎല്‍ പ്ലേ-ഓഫ്‌ ഉറപ്പിക്കുന്ന ആദ്യ ടീമാവാന്‍ ഗുജറാത്തിന് കഴിഞ്ഞിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഗുജറാത്ത് ഗില്ലിന്‍റെ സെഞ്ചുറി മികവില്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 188 റണ്‍സായിരുന്നു നേടിയത്.

സായ്‌ സുദര്‍ശന്‍റെ (36 പന്തില്‍ 47) പ്രകടനവും സംഘത്തിന് നിര്‍ണായകമായി. ശുഭ്‌മാന്‍ ഗില്ലും സായ്‌ സുദര്‍ശനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ചേര്‍ത്ത 147 റണ്‍സായിരുന്നു ഗുജറാത്ത് ഇന്നിങ്‌സിന്‍റെ നട്ടെല്ല്. ഹൈദരാബാദിന്‍റെ മറുപടി നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 154 റണ്‍സില്‍ ഒതുങ്ങി. ഹെൻറിച്ച് ക്ലാസന്‍റെ അര്‍ധ സെഞ്ചുറിയായിരുന്നു ടീമിന്‍റെ തോല്‍വി ഭാരം കുറിച്ചത്. ഗുജറാത്തിനായി നാല് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവരുടെ പ്രകടനമായിരുന്നു ഹൈദരാബാദിനെ തകര്‍ത്തത്.

ALSO READ:'ഒരേ തെറ്റ് ആവര്‍ത്തിക്കുന്നു' ; മുംബൈ താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഷെയ്ൻ ബോണ്ട്

ABOUT THE AUTHOR

...view details