കേരളം

kerala

ETV Bharat / sports

IPL 2022: വെടിക്കെട്ടുമായി തെവാട്ടിയയും റാഷിദ് ഖാനും; അവസാന ഓവറിൽ ഗുജറാത്തിന് അവിശ്വസനീയ ജയം - IPL uPDATE

അഞ്ച് വിക്കറ്റ് പ്രകടനവുമായി കളം നിറഞ്ഞ ഉമ്രാൻ മാലിക്ക് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിക്കും എന്ന് തോന്നിച്ചെങ്കിലും അവസാന ഓവറിൽ മൂന്ന് സിക്‌സ് തുടരെ പറത്തി റാഷിദ് ഖാൻ ഗുജറാത്തിന് വിജയം സമ്മാനിക്കുകയായിരുന്നു.

IPL 2022  GUJARAT TITANS BEAT SUNRISERS HYDERABAD  വെടിക്കെട്ടുമായി തെവാട്ടിയയും റാഷിദ് ഖാനും  സണ്‍റൈസേഴ്‌സിനെ കീഴടക്കി ഗുജറാത്ത്  ഗുജറാത്തിന് തകർപ്പൻ ജയം  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ 2022  ഉമ്രാൻ മാലിക്  IPL uPDATE  IPL NEWS
IPL 2022: വെടിക്കെട്ടുമായി തെവാട്ടിയയും റാഷിദ് ഖാനും; അവസാന ഓവറിൽ ഗുജറാത്തിന് അവിശ്വസനീയ ജയം

By

Published : Apr 28, 2022, 7:02 AM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 19-ാം ഓവർ വരെ വിജയം ഉറപ്പിച്ചിരുന്ന ഹൈദരാബാദിനെ ഞെട്ടിച്ചുകൊണ്ട് അവസാന ഓവറിൽ രാഹുൽ തെവാട്ടിയയും റാഷിദ് ഖാനും ചേർന്നാണ് ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. അവസാന ഓവറിൽ 22 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ച് കൂട്ടിയത്. വിജയത്തോടെ ഗുജറാത്ത് 14 പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ഹൈദരാബാദിന്‍റെ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിനായി ഓപ്പണർമാരായ വൃദ്ധിമാൻ സാഹയും(68) ശുഭ്മാൻ ഗില്ലും(22) മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 69 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ പിന്നാലെ ഉമ്രാൻ മാലിക്കിന്‍റെ തീപാറുന്ന പന്തുകളിൽ ഗുജറാത്ത് ബാറ്റർമാർ വീണുതുടങ്ങി.

തന്‍റെ ആദ്യ ഓവറിൽ തന്നെ ഗില്ലിനെ ബൗൾഡാക്കിയ ഉമ്രാൻ, രണ്ടാം ഓവറിൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയെ (10) പുറത്താക്കി. പിന്നാലെയെത്തിയ ഡേവിഡ് മില്ലറും സാഹയും ചേർന്ന് ടീം സ്‌കോർ 100 കടത്തി. പിന്നാലെ തകർപ്പനൊരു യോർക്കറിലൂടെ സാഹയേയും ഉമ്രാൻ ബൗൾഡാക്കി മടക്കി.

പിന്നാലെ തന്‍റെ നാലാം ഓവറിൽ ഡേവിഡ് മില്ലറിനെയും (17) ഉമ്രാൻ ബൗൾഡാക്കി. ഓവറിലെ തന്നെ അവസാന പന്തിൽ അഭിനവ് മനോഹറിനെയും പുറത്താക്കി ഉമ്രാൻ തന്‍റെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇതോടെ 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 140 എന്ന നിലയിലായ ഗുജറാത്ത് തോൽവി മണത്തു. എന്നാൽ വാലറ്റത്ത് തെവാട്ടിയയും റാഷിദ് ഖാനും പാറപോലെ ഉറച്ചു നിന്നു.

അവസാന ഓവറിൽ ജയിക്കാൻ 22 റണ്‍സായിരുന്നു ഗുജറാത്തിനാവശ്യം. ഓവർ എറിയാനെത്തിയ മാർകോ ജാൻസന്‍റെ ആദ്യ പന്ത് തെവാട്ടിയ സിക്‌സിന് പറത്തി. രണ്ടാം പന്ത് സിംഗിൾ. മൂന്നാം പന്ത് റാഷിദിന്‍റെ വക തകർപ്പനൊരു സിക്‌സർ. ഇതോടെ വിജയിക്കാൻ രണ്ട് പന്തിൽ 9 റണ്‍സ് എന്ന നിലയിലേക്ക് മത്സരമെത്തി. തുടർന്ന് അവസാന രണ്ട് പന്തുകളും സിക്‌സ് പറത്തി റാഷിദ് ഗുജറാത്തിന് മിന്നും വിജയം സമ്മാനിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് അഭിഷേക് ശർമ്മയുടേയും(65), എയ്‌ഡൻ മാർക്രത്തിന്‍റെയും(56) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. അവസാന ഓവറിൽ തകർത്തടിച്ച ശശാങ്ക് സിങ്(6 പന്തിൽ 25) ഹൈദരാബാദിന്‍റെ സ്‌കോർ കൂട്ടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ യാഷ് ദയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ABOUT THE AUTHOR

...view details