അഹമ്മദാബാദ് :സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ നഷ്‌ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്നാണ് ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 147 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. 15-ാം ഓവറില്‍ അര്‍ധസെഞ്ച്വറിക്ക് അരികില്‍ നിന്ന സായ് സുദര്‍ശനെ (47) വീഴ്‌ത്തി മാര്‍ക്കോ യാന്‍സനായിരുന്നു ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെയെത്തിയവര്‍ക്ക് അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ശുഭ്‌മാന്‍ ഗില്‍ ആയിരുന്നു അവസാന ഓവറുകളില്‍ ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തിയത്. 19-ാം ഓവറില്‍ ഗില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.
19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 186-5 എന്ന നിലയിലായിരുന്നു ഗുജറാത്ത്. സെഞ്ച്വറിയടിച്ച ശുഭ്‌മാന്‍ ഗില്ലിന്‍റെ ബാറ്റിങ് കരുത്തില്‍ ആതിഥേയര്‍ 200 റണ്‍സ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഹൈദരാബാദിനായി അവസാന ഓവര്‍ എറിയാനെത്തിയ ഭുവനേശ്വര്‍ കുമാര്‍ ടൈറ്റന്‍സിനെ പിടിച്ചുകെട്ടി.
ടീം ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റ് വീണ ആ ഒരൊറ്റ ഓവറില്‍ രണ്ട് റണ്‍സാണ് ഭുവനേശ്വര്‍ കുമാര്‍ വഴങ്ങിയത്. ഇരുപതാം ഓവറിന്‍റെ ആദ്യ പന്തില്‍ ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കിക്കൊണ്ടായിരുന്നു ഭുവനേശ്വര്‍ കുമാര്‍ ടൈറ്റന്‍സിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ഗില്ലിന്‍റെ കവര്‍ ഡ്രൈവിനുള്ള ശ്രമം അബ്‌ദുള്‍ സമദിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാനെയും (0) ഗുജറാത്തിന് നഷ്‌ടമായി. മുംബൈക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ എത്തിയ റാഷിദ് നേരിട്ട ആദ്യ പന്ത് തന്നെ വമ്പന്‍ അടിക്കായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഭുവിയുടെ പന്ത് താരത്തിന്‍റെ ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന്‍റെ കൈകളിലെത്തുകയായിരുന്നു.