അഹമ്മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ഏറെ നാള്‍ വാഴ്‌ത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഐപിഎല്ലിന്‍റെ 16ാം സീസണില്‍ രാജസ്ഥാനൊപ്പം മികച്ച തുടക്കമായിരുന്നു സഞ്‌ജുവിനും ലഭിച്ചത്. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 55 റണ്‍സെടുത്തായിരുന്നു താരം തുടങ്ങിയത്.
രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 42 റണ്‍സുമായും 28കാരന്‍ തിളങ്ങി. എന്നാല്‍ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമെതിരായ മത്സരങ്ങളില്‍ അക്കൗണ്ട് തുറക്കാതെയായിരുന്നു സഞ്‌ജു തിരിച്ച് കയറിയത്. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഏറെ സമ്മര്‍ദം നിറഞ്ഞ ഘട്ടത്തിലായിരുന്നു സഞ്‌ജു മികച്ച ഇന്നിങ്‌സ് കളിച്ചത്.
ഗുജറാത്ത് പേസര്‍മാര്‍ കളം വാണപ്പോള്‍ 10.3 ഓവറില്‍ നാല് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ 15-ാം ഓവറിന്‍റെ അവസാന പന്തില്‍ സഞ്‌ജു മടങ്ങുമ്പോള്‍ 114 റണ്‍സായിരുന്നു ടീം ടോട്ടലിലുണ്ടായിരുന്നത്. തുടക്കം ഏറെ ശ്രദ്ധയോടെ കളിച്ച താരം തുടര്‍ന്നായിരുന്നു കത്തിക്കയറിയത്.
അവസാനം നേരിട്ട 13 പന്തുകളില്‍ 39 റണ്‍സായിരുന്നു സഞ്‌ജു അടിച്ചെടുത്തത്. ഒടുവില്‍ തിരിച്ച് കയറുമ്പോള്‍ 32 പന്തുകളില്‍ 60 റണ്‍സായിരുന്നു താരത്തിന്‍റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. മൂന്ന് ഫോറുകളും ആറ് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്‍റെ പൊളിപ്പന്‍ ഇന്നിങ്‌സില്‍.