അഹമ്മദാബാദ് :നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ കാഴ്‌ചവച്ചത്. അവസാന രണ്ട് മത്സരങ്ങളിലും സംപൂജ്യനായി മടങ്ങേണ്ടി വന്ന സഞ്‌ജു ഗുജറാത്തിനെതിരെ 32 പന്തില്‍ 60 റണ്‍സ് നേടിയായിരുന്നു ക്രീസ് വിട്ടത്. നായകന്‍റെയും ഒപ്പം ഷിംറോണ്‍ ഹെറ്റ്‌മെയറിന്‍റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ ഐപിഎല്ലിലെ ആദ്യ ജയം രാജസ്ഥാന്‍ സ്വന്തമാക്കിയത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ടൈറ്റന്‍സ് 178 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന് മുന്നിലേക്ക് വച്ചത്. അത് പിന്തുടര്‍ന്നിറങ്ങിയ റോയല്‍സിന് തുടക്കം പാളി. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്‌ടമായി.
മൂന്ന് ഓവറില്‍ തന്നെ 4-2 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണിരുന്നു. റോയല്‍സ് ഇങ്ങനെ പതറിയ ഘട്ടത്തിലേക്കായിരുന്നു ക്രീസിലേക്ക് അവരുടെ നായകന്‍റെ വരവ്. മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയും സന്ദര്‍ശകരെ വിറപ്പിച്ചപ്പോള്‍ ക്രീസിലേക്കെത്തിയ സഞ്‌ജു ശ്രദ്ധയോടെയാണ് ബാറ്റിങ് ആരംഭിച്ചത്.
ആ സാഹചര്യത്തില്‍ ഉത്തരവാദിത്തം ഏറ്റടുത്ത് ഇന്നിങ്‌സ് പടുത്തുയര്‍ത്താനായിരുന്നു താരത്തിന്‍റെ ശ്രമം. ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ ഒരോ പന്തിലും ഓരോ റണ്‍ എന്ന ശൈലിയിലായിരുന്നു സഞ്‌ജു ബാറ്റ് വീശിയത്. ഇതോടെ മത്സരത്തിന്‍റെ നിയന്ത്രണം ഗുജറാത്ത് ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
12 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 66-4 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. അവസാന എട്ട് ഓവറിലും 14ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ട അവസ്ഥ. കാര്യങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഗുജറാത്ത് നായകന്‍ മിന്നും ഫോമില്‍ നില്‍ക്കുന്ന റാഷിദ് ഖാനെ അടുത്ത ഓവര്‍ പന്തെറിയാനേല്‍പ്പിച്ചത്.