അഹമ്മദാബാദ് :ഐപിഎല്‍ പതിനാറാം പതിപ്പിലെ കലാശപ്പോരാട്ടത്തിന് മഴ ഭീഷണി. ഫൈനല്‍ ദിനമായ ഇന്ന് അഹമ്മദാബാദില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴയ്‌ക്കൊപ്പം തന്നെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതുകൊണ്ട് മത്സരം വൈകിയാകും ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് വൈകുന്നേരം അഹമ്മദാബാദില്‍ 40 ശതമാനമാണ് മഴയ്‌ക്ക് സാധ്യത. സൂര്യാസ്‌തമയത്തിന് ശേഷമാകും മഴയെത്തുക എന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ശക്തമായി കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇവിടെ മെയ് 26ന് നടന്ന ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മത്സരവും മഴമൂലം വൈകി ആയിരുന്നു ആരംഭിച്ചത്. ഏഴരയ്‌ക്ക് ഷെഡ്യൂള്‍ ചെയ്‌തിരുന്ന മത്സരത്തിന്‍റെ ടോസ് 7:45നായിരുന്നു അന്ന് നടന്നത്. വൈകിയാണ് ആരംഭിച്ചതെങ്കിലും പിന്നീട് മത്സരത്തിനിടയ്‌ക്ക് രസംകൊല്ലിയായി മഴയെത്തിയിരുന്നില്ല.
ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഏഴരയ്‌ക്കാണ് ഐപിഎല്‍ ഫൈനല്‍ ആരംഭിക്കുന്നത്. നാല് തവണ കിരീടം ഉയര്‍ത്തിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് കലാശപ്പോരാട്ടം. ജിയോസിനിമയിലൂടെയും സ്റ്റാര്‍സ്‌പോര്‍ട്‌സ് ചാനലുകളിലൂടെയും ആരാധകര്‍ക്ക് ഈ മത്സരം കാണാം.
മഴമുടക്കിയാല്‍ പിന്നെയെന്ത് :ഐപിഎല്‍ മത്സരങ്ങളുടെ പ്ലെയിങ് കണ്ടീഷന്‍സ് പ്രകാരം പ്ലേഓഫ് പോരാട്ടങ്ങള്‍ക്കൊന്നും റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. നേരത്തെ, 2022ലെ ഐപിഎല്‍ ഫൈനലിന് റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ബിസിസിഐ നടത്തിയിട്ടില്ല.
റിസര്‍വ് ദിനം അനുവദിക്കാത്ത സാഹചര്യത്തില്‍ മത്സര ദിവസമായ ഇന്ന് തന്നെ കളി പൂര്‍ത്തിയാക്കേണ്ട സാഹചര്യമാണ് നിലവില്‍. ടോസിന് ശേഷം ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ഫൈനല്‍ ദിനമായ ഇന്ന് മത്സരം പൂര്‍ത്തീകരിക്കേണ്ട നിശ്ചിത സമയത്തിന് ശേഷം രണ്ട് മണിക്കൂര്‍ അധികം കട്ട് ഓഫ് ടൈം അനുവദിച്ചിട്ടുണ്ട്.
അതായത്, മഴ തടസപ്പെടുത്തിയാല്‍ 20 ഓവര്‍ മത്സരം കളിക്കാനുള്ള സാധ്യത രാത്രി 9:40 വരെയാകും അംപയര്‍മാര്‍ പരിശോധിക്കുക. ഇതിന് സാധിച്ചില്ലെങ്കില്‍ പിന്നീട് ഓവര്‍ വെട്ടിച്ചുരുക്കി മത്സരം ആരംഭിക്കാനാണ് സാധ്യത. സാഹചര്യം അനുകൂലമാകാന്‍ താമസിച്ചാല്‍ കട്ട് ഓഫ് സമയമായ 11:56ന് എങ്കിലും അഞ്ച് ഓവര്‍ മത്സരം നടത്താനാകുമോ എന്നും പരിശോധിക്കും.
Also Read:IPL 2023 | 'പേര്' നിലനിര്‍ത്തി 'പെരുമ' കാട്ടാന്‍ ചെന്നൈയും ഗുജറാത്തും ; കലാശപ്പോരിനൊരുങ്ങി അഹമ്മദാബാദ്
ഇത് സാധ്യമായില്ലെങ്കില്‍ സൂപ്പര്‍ ഓവര്‍ എങ്കിലും നടത്തി വിജയിയെ കണ്ടെത്താനാകും ശ്രമം. ഇതിനും സാധിക്കാതെ വരികയും മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്‌താല്‍ ലീഗ് സ്റ്റേജില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയ ടീമിനെയാകും ചാമ്പ്യന്മാരായി പ്രഖ്യാപിക്കുന്നത്. ഇങ്ങനെ വന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സായിരിക്കും കിരീടം ഉയര്‍ത്തുന്നത്.
ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളില്‍ 10 ജയം നേടിയ ഗുജറാത്ത് ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫില്‍ ഇടം പിടിച്ചത്. 17 പോയിന്‍റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം സ്ഥാനക്കാരായിരുന്നു. അതേസമയം, രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കണ്ടതുപോലെ ഇന്നും മഴമാറി നില്‍ക്കുമെന്നും ആവേശകരമായ ഫൈനല്‍ മത്സരം നടക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.