അഹമ്മദാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പില്‍ രണ്ടാം ഫൈനലിസ്റ്റുകള്‍ ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടുന്നത്. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റാണ് രണ്ടാം ക്വാളിഫയറിനെത്തുന്നത്.
മറുവശത്ത് ക്രുണാല്‍ പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ രോഹിതിനും സംഘത്തിനുമായി. ലീഗ് ഘട്ടത്തില്‍ രണ്ടാമത് ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനെ വീഴ്‌ത്താനായെന്ന ആത്മവിശ്വാസവും ഇന്ന് ഇറങ്ങുമ്പോള്‍ മുംബൈക്കുണ്ട്. എന്നാല്‍, ഐപിഎല്‍ ചരിത്രം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത് ആശങ്കയാണ്.
കണക്കുകള്‍ പഴങ്കഥയാക്കിയാല്‍ മാത്രമെ ആറാം കിരീടം എന്ന സ്വപ്‌നത്തിന് അരികിലേക്ക് മുംബൈ ഇന്ത്യന്‍സിന് എത്താന്‍ സാധിക്കൂ. എലിമിനേറ്റര്‍ ജയിച്ച് ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ മൂന്ന് ടീമുകളാണ് ഐപിഎല്‍ ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്. അതില്‍ കിരീടം നേടിയത് ഒരൊറ്റ ടീം മാത്രമാണ്.
എലിമിനേറ്ററില്‍ ജയം നേടിയെത്തുന്നവര്‍ക്ക് പലപ്പോഴും രണ്ടാം ക്വാളിഫയര്‍ എന്ന കടമ്പ കടക്കാന്‍ സാധിച്ചിട്ടില്ല. 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആയിരുന്നു ആദ്യമായി എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ജയിച്ച് ഐപിഎല്‍ ഫൈനലിലേക്ക് മുന്നേറാനായത്. എന്നാല്‍ അക്കൊല്ലം ഫൈനലില്‍ ധോണിയും സംഘവും കൊല്‍ക്കത്തയോട് തോറ്റു.