ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയല്‍ ലീഗിന്‍റെ 16ാം സീസണിലെ മറ്റൊരു ത്രില്ലറിനാണ് ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷിയായത്. അടിയും തിരിച്ചടിയും കണ്ട ആവേശപ്പോരില്‍ അവസാന പന്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വിജയം പിടിക്കുകയായിരുന്നു. ബംഗ്ലൂരിന്‍റെ ഈ തോല്‍വിയില്‍ ഏറെ പഴികേള്‍ക്കുകയാണ് 'വെറ്ററന്‍' വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.
സൂപ്പര്‍ ഓവറിലേക്ക് നീങ്ങുമായിരുന്ന മത്സരം ബാംഗ്ലൂരിന് നഷ്‌ടമാക്കിയത് വിക്കറ്റിന് പിന്നിലെ കാര്‍ത്തികിന്‍റെ ജാഗ്രതക്കുറവാണെന്നാണ് ആരാധകരുടെ വിമർശനം. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20ാം ഓവറിലെ അവസാന പന്ത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ മത്സരത്തിന്‍റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 213 റണ്‍സിന്‍റെ വമ്പന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ അവസാന ഓവറില്‍ അഞ്ച് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലിനെയായിരുന്നു ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് പന്തേല്‍പ്പിച്ചത്. ജയ്‌ദേവ് ഉനദ്‌ഘട്ടും മാര്‍ക്ക് വുഡുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.
ഹര്‍ഷലിന്‍റെ ആദ്യ പന്ത് നേരിട്ട ഉനദ്‌ഘട്ട് സിംഗിളെടുത്തതോടെ മാര്‍ക്ക് വുഡിന് സ്‌ട്രൈക്ക് ലഭിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ കുറ്റി തെറിച്ച മാര്‍ക്ക് വുഡ് പുറത്തായി. പത്താമനായി രവി ബിഷ്‌ണോയ് ആണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ പോയിന്‍റിലേക്ക് തട്ടിയിട്ട താരം രണ്ട് റണ്‍സ് ഓടിയെടുത്തു.
ഇതോടെ അവസാന മൂന്ന് പന്തില്‍ ലഖ്‌നൗവിന്‍റെ വിജയ ലക്ഷ്യം രണ്ട് റണ്‍സായി. ലഖ്‌നൗവിനെ പിടിച്ച് കെട്ടാനുറച്ച ബാംഗ്ലൂര്‍ ക്യാമ്പില്‍ ആശങ്ക നിഴലിച്ചുവെങ്കിലും ഫീല്‍ഡില്‍ മാറ്റം വരുത്തി രവി ബിഷ്‌ണോയിയേയും ജയദേവ് ഉനദ്‌ഘട്ടിനെയും തളയ്‌ക്കാന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് നീക്കം നടത്തി. എന്നാല്‍ നാലാം പന്തില്‍ സിംഗിളെടുത്ത ബിഷ്‌ണോയി സ്‌കോര്‍ സമനിലയിലെത്തിച്ചു.
ഇതോടെ ബാക്കിയുള്ള രണ്ട് പന്തുകളില്‍ ഒരു റണ്‍സായി ലഖ്‌നൗവിന്‍റെ വിജയ ലക്ഷ്യം. പക്ഷേ, അഞ്ചാം പന്തില്‍ ഉനദ്‌ഘട്ടിന് പിഴച്ചു. ഹര്‍ഷലിന്‍റെ പന്തില്‍ ബൗണ്ടറി കണ്ടെത്താനുള്ള താരത്തിന്‍റെ ശ്രമം ലോങ് ഓണില്‍ ഫാഫ് ഡുപ്ലെസിസ് കൈപ്പിടിയിലൊതുക്കി. പിന്നാലെ 11ാം നമ്പറില്‍ ആവേശ് ഖാന്‍ ക്രീസിലേക്കെത്തി.
അവസാന പന്ത് എറിയുന്നതിനിടെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ക്രീസ് വിട്ടിറങ്ങിയ രവി ബിഷ്‌ണോയിയെ മങ്കാദിങ്ങിലൂടെ പുറത്താക്കാന്‍ ഹര്‍ഷല്‍ ശ്രമിച്ചുവെങ്കിലും പദ്ധതി വ്യക്തമായി നടപ്പിലാക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ക്രീസ് വിട്ട ബിഷ്‌ണോയിയെ പിന്നീട് റൺ ഔട്ടാക്കുന്നതിനായി ഡയറക്‌ട് ഹിറ്റിലൂടെ ഹര്‍ഷല്‍ ബെയ്‌ല്‍സ് ഇളക്കിയെങ്കിലും പന്തെറിയാതിരുന്നതിനാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചില്ല.
ഈ നാടകീയത അവസാനിച്ചതോടെ ഹര്‍ഷല്‍ ഇന്നിങ്‌സിലെ അവസാന പന്തെറിഞ്ഞു. സ്‌ട്രൈക്കിലുണ്ടായിരുന്ന ആവേശ് ഖാന് കണക്‌ട് ചെയ്യാൻ കഴിയാതിരുന്ന പന്ത് നേരെ പോയത് വിക്കറ്റ് കീപ്പറായ കാര്‍ത്തിക്കിന്‍റെ അടുത്തേക്കാണ്. ഈ പന്ത് പിടിക്കാനുള്ള താരത്തിന്‍റെ ആദ്യ ശ്രമം പാളിയതോടെ ലഖ്‌നൗ താരങ്ങള്‍ ഒരു ബൈ റണ്‍സ് ഓടിയെടുക്കുകയായിരുന്നു. ഇതിനിടെ പന്ത് പിടിച്ചെടുത്ത കാര്‍ത്തിക് റണ്‍ഔട്ടിന് ശ്രമിച്ചെങ്കിലും അതും ഫലം കണ്ടിരുന്നില്ല.
ALSO READ: IPL 2023 | 'മുംബൈ ഇന്ത്യന്‍സിന്‍റെ ബോളിങ്ങിന് കരുത്ത് പോര'; ആകാശ് ചോപ്ര