ജയ്‌പൂര്‍:കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ കളം നിറഞ്ഞ് കളിച്ചത് രണ്ട് ടീമുകളുടെയും യുവതാരങ്ങളാണ്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ റോയല്‍സിന് യശ്വസി ജയ്‌സ്വാള്‍ തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. മത്സത്തില്‍ 43 പന്ത് നേരിട്ട ജയ്‌സ്വാള്‍ 77 റണ്‍സ് നേടിയാണ് മടങ്ങിയത്.
പിന്നാലെ അവസാന ഓവറുകളില്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ധ്രുവ് ജുറെലാണ്. 15 പന്തില്‍ 34 റണ്‍സെടുത്ത ജുറെല്‍ റണ്‍ഔട്ട് ആകുകയായിരുന്നു. 13 പന്തില്‍ 27 റണ്‍സടിച്ച് ദേവ്ദത്ത് പടിക്കലും മികവ് തെളിയിച്ചു.
രാജസ്ഥാനായി അതിവേഗം റണ്‍സ് ഉയര്‍ത്തിയ ധ്രുവ് ജുറെല്‍ അവസാന ഓവറിലെ മൂന്നാം പന്തിലായിരുന്നു റണ്‍ഔട്ട് ആയത്. ബൈ ഓടാന്‍ ശ്രമിക്കവെ ചെന്നൈ നായകന്‍ എംഎസ് ധോണി ഡയറക്‌ട് ത്രോയിലൂടെ ജുറെലിനെ റണ്‍ഔട്ട് ആക്കുകയായിരുന്നു. ഇതിന് പിന്നാലെ ധോണി തന്നെ റണ്‍ഔട്ട് ആക്കിയതില്‍ തനിക്ക് അഭിമാനമാണുള്ളതെന്ന് ധ്രുവ് ജുറെല്‍ അഭിപ്രായപ്പെട്ടിരുന്നു.
'എം എസ് ധോണി വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യാനായത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കളി കണ്ടായിരുന്നു ഞാന്‍ വളര്‍ന്നത്.
ആ സാഹചര്യത്തില്‍ അദ്ദേഹം വിക്കറ്റ് കീപ്പറായി നിന്ന മത്സരത്തില്‍ ഒരു ബാറ്ററായി അദ്ദേഹത്തിന് മുന്നില്‍ ക്രീസില്‍ നില്‍ക്കാന്‍ എനിക്ക് സാധിച്ചു. ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. കാരണം, എന്‍റെ ബാറ്റിങ് അദ്ദേഹം പിന്നില്‍ നിന്ന് കാണുകയാണല്ലോ.