ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ. എട്ട് മത്സരങ്ങള്‍ ചെന്നൈക്കായി കളിച്ച കോണ്‍വെ 322 റണ്‍സാണ് ഇതുവരെ നേടിയത്. സീസണില്‍ ചെന്നൈയുടെ കുതിപ്പിന് റിതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഡെവോണ്‍ കോണ്‍വെ നല്‍കുന്ന സംഭാവന ചെറുതല്ല.
തന്‍റെ പ്രകടനങ്ങള്‍ മെച്ചപ്പെടാന്‍ എംഎസ് ധോണിയുടെ പിന്തുണ വലിയ തരത്തില്‍ തന്നെ സഹായകരമായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡെവോണ്‍ കോണ്‍വെ ഇപ്പോള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് കോണ്‍വെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
'എംഎസ് ധോണി നായകനായ ടീമിന് കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് തന്നെ എനിക്കൊരു പ്രത്യേക അനുഭവമാണ് സമ്മാനിച്ചത്. തന്‍റെ അനുഭവപരിചയം കൊണ്ട് എംഎസ് നല്‍കുന്ന പിന്തുണ ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്നെ കൂടുതല്‍ വളരാന്‍ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പെരുമാറ്റം ഞങ്ങളെ സ്വതന്ത്രമായി തന്നെ കളിക്കാന്‍ അനുവദിക്കുന്നു. എംഎസ്‌ഡിയെപ്പോലെ ഒരാളില്‍ നിന്നും പിന്തുണ ലഭിക്കുക എന്ന് പറയുന്നത് തന്നെ മറ്റൊരു താരത്തിന് പ്രയോജനകരമായ ഒരു കാര്യമാണ്', കോണ്‍വെ പറഞ്ഞു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ടെന്നും കോണ്‍വെ അഭിപ്രായപ്പെട്ടു. 'സിഎസ്‌കെയ്‌ക്കൊപ്പം ചേരുക എന്നത് തന്നെ വളരെ സവിശേഷമായ ഒരു കാര്യമാണ്. ഞങ്ങളെല്ലാം ഇവിടെ ഒരു കുടുംബത്തെപ്പോലെയാണ്. ടീം നല്‍കുന്ന പിന്തുണയിലും ഞാന്‍ ശരിക്കും സന്തുഷ്‌ടനാണ്.'