കേരളം

kerala

ETV Bharat / sports

IPL 2023| തോറ്റുതോറ്റ് ഡല്‍ഹി; വിജയ വഴിയില്‍ തിരിച്ചെത്തി ബാംഗ്ലൂര്‍ - വിരാട് കോലി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 23 റണ്‍സിന്‍റെ തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്.

IPL  IPL 2023  delhi capitals vs royal challengers bangalore  delhi capitals  royal challengers bangalore  RCB vs DC highlights  Vijaykumar Vyshak  virat kohli  ഡല്‍ഹി ക്യാപിറ്റല്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  വിരാട് കോലി  വിജയ്‌കുമാര്‍ വൈശാഖ്
വിജയ വഴിയില്‍ തിരിച്ചെത്തി ബാംഗ്ലൂര്‍

By

Published : Apr 15, 2023, 8:10 PM IST

ബെംഗളൂരു: ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വി വഴങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 23 റണ്‍സിനാണ് ഡല്‍ഹി കീഴടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 151 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

മൂന്ന് വിക്കറ്റുകളുമായി അരങ്ങേറ്റക്കാരന്‍ വിജയ്‌കുമാര്‍ വൈശാഖാണ് ഡല്‍ഹിയെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടി മനീഷ് പാണ്ഡെ മാത്രമാണ് സംഘത്തിനായി തിളങ്ങിയത്. 38 പന്തില്‍ അഞ്ച് ഫോറുകളും ഒരു സിക്‌സും സഹിതം 50 റണ്‍സാണ് താരം നേടിയത്.

മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചത്. പവര്‍പ്ലേ പിന്നിടും മുമ്പ് നാല് വിക്കറ്റുകള്‍ സംഘത്തിന് നഷ്‌ടമായിരുന്നു. പൃഥ്വി ഷാ (2 പന്തില്‍ 0), മിച്ചല്‍ മാര്‍ഷ് (4 പന്തില്‍ 0), യഷ് ധുള്‍ (4 പന്തില്‍ 1), ഡേവിഡ് വാര്‍ണര്‍ (13 പന്തില്‍ 19) എന്നിവരാണ് വേഗം മടങ്ങിയത്. പൃഥ്വി ഷായെ അനൂജ് റാവത്ത് റണ്ണൗട്ടാക്കിയപ്പോള്‍, മിച്ചല്‍ മാര്‍ഷിനെ വെയ്ന്‍ പാര്‍നെല്‍ കോലിയുടെ കയ്യിലെത്തിച്ചു. ധുളിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡേവിഡ് വാര്‍ണറെ വൈശാഖിന്‍റെ പന്തില്‍ വിരാട് കോലി പിടികൂടുകയായിരുന്നു.

പിന്നാലെ അഭിഷേക് പോറലും മടങ്ങിയതോടെ ഡല്‍ഹി 8.5 ഓവറില്‍ അഞ്ചിന് 53 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച മനീഷ് പാണ്ഡെയും അക്‌സര്‍ പട്ടേലും ഡല്‍ഹിക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 13-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ അക്‌സറിനെ (14 പന്തില്‍ 21) പുറത്താക്കിയ വൈശാഖ് ആ പ്രതീക്ഷയും അവസാനിപ്പിച്ചു.

വൈകാതെ മനീഷ് വാനിന്ദു ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഡല്‍ഹി 14 ഓവറില്‍ ഏഴിന് 98 എന്ന നിലയിലേക്ക് വീണു. ലളിത് യാദവ് (7 പന്തില്‍ 4), അമന്‍ ഹകീം ഖാന്‍ (10 പന്തില്‍ 18) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ആൻറിച്ച് നോർട്ട്ജെ (14 പന്തില്‍ 23), കുല്‍ദീപ് യാദവ് (6 പന്തില്‍ 7) എന്നിവര്‍ പുറത്താവാതെ നിന്നു.

ബാംഗ്ലൂരിനായി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് വിജയകുമാർ വൈശാഖ് മൂന്ന് വിക്കറ്റ് നേടിയത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ വെയ്ൻ പാർനെൽ, ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിനെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെ പ്രകടനമാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. 34 പന്തില്‍ 50 റണ്‍സാണ് താരം അടിച്ചെടുത്തത്.

പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സായിരുന്നു ബാംഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. ഡുപ്ലെസിസിനെയാണ് (16 പന്തില്‍ 22 ) ടീമിന് ആദ്യം നഷ്‌ടമായത്. മിച്ചല്‍ മാര്‍ഷിന്‍റെ പന്തില്‍ അമൻ ഹക്കിം ഖാൻ പിടികൂടിയായിരുന്നു ബാംഗ്ലൂര്‍ നായകന്‍റെ മടക്കം. തുടര്‍ന്നെത്തിയ മഹിപാൽ ലോംറോര്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ കോലിയാണ് ബാംഗ്ലൂര്‍ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്.

എന്നാല്‍ അര്‍ധ സെഞ്ചുറി തികച്ചതിന് തൊട്ടടുത്ത പന്തില്‍ കോലി പുറത്തായി. ലളിത് യാദവിനെതിരെ സിക്‌സര്‍ നേടാനുള്ള കോലിയുടെ ശ്രമം ഡീപ് മിഡ്‌വിക്കറ്റില്‍ യാഷ് ധുളിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ആറ് ഫോറുകളും ഒരു സിക്‌സും നേടിയാണ് കോലി മടങ്ങിയത്. ഈ സമയം 10.1 ഓവറില്‍ രണ്ടിന് 89 റണ്‍സായിരുന്നു ബാംഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ തുടക്കം വെടിപൊട്ടിച്ചതോടെ ഈ ഓവറില്‍ തന്നെ ബാംഗ്ലൂര്‍ നൂറ് കടന്നു.

എന്നാല്‍ അധികം വൈകാതെ മഹിപാലിനെ (18 പന്തില്‍ 26) ടീമിന് നഷ്‌ടമായി. മാര്‍ഷിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്‍റെ മടക്കം. പിന്നീടെത്തിയ ഹര്‍ഷല്‍ പട്ടേല്‍ (4 പന്തില്‍ 6) നിരാശപ്പെടുത്തി. തുടര്‍ന്ന് മാക്‌സ്‌വെല്ലിനേയും ( 14 പന്തില്‍ 24 ) ദിനേശ് കാര്‍ത്തിക്കിനെയും (1 പന്തില്‍ 0) അടുത്ത പന്തുകളില്‍ മടക്കിയ കുല്‍ദീപ് ബാംഗ്ലൂരിന് ഇരട്ട പ്രഹരം നല്‍കി.

ഈ സമയം 14.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സായിരുന്നു ബാംഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഒന്നിച്ച ഷഹബാസ് അഹമ്മദ് (12 പന്തില്‍ 20)- അനൂജ് റാവത്ത് (22 പന്തില്‍ 15) എന്നിവര്‍ പിരിയാതെ നിന്നാണ് ബാംഗ്ലൂരിനെ മാന്യമായ നിലയില്‍ എത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനായിമിച്ചല്‍ മാര്‍ഷ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ലളിത് യാദവ്, മുസ്‌തഫിസുർ റഹ്മാൻ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ്‌ ഇലവൻ): ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, യാഷ് ദുൽ, മനീഷ് പാണ്ഡെ, അക്‌സർ പട്ടേൽ, അമൻ ഹക്കിം ഖാൻ, ലളിത് യാദവ്, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പര്‍), കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, മുസ്‌തഫിസുർ റഹ്മാൻ.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലെയിങ് ഇലവൻ) : വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, വെയ്ൻ പാർനെൽ, മുഹമ്മദ് സിറാജ്, വിജയകുമാർ വൈശാഖ്.

ABOUT THE AUTHOR

...view details